'അവര്‍ ഭീരുക്കളും നട്ടെല്ല് ഇല്ലാത്തവരുമാണ്', ഷമിയെ ട്രോളുന്നവരെ കടന്നാക്രമിച്ച് കോഹ്ലി

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിലെ പാകിസ്ഥാനെതിരായ സൂപ്പര്‍ 12 മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയെ അവഹേളിച്ചവരെ നിശിതമായി വിമര്‍ശിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വിഷയത്തില്‍ കോഹ്ലി രൂക്ഷ പ്രതികരണം നടത്തുന്നത് ഇതാദ്യമാണ്.

ഇന്ത്യന്‍ ടീമിലെ പകരംവയ്ക്കാനില്ലാത്ത അംഗമാണ് മുഹമ്മദ് ഷമി. ചില ആള്‍ക്കാര്‍ അവരുടെ മനസുഖത്തിനുവേണ്ടിയാണ് സോഷ്യല്‍ മീഡിയ വഴി ട്രോളുന്നത്. അവര്‍ക്ക് ധൈര്യമോ നട്ടല്ലോ ഇല്ല. പുറത്തു നടക്കുന്ന സംഭവങ്ങളെ ഒരു ടീം കണക്കിലെടുക്കാറില്ല. കളിയില്‍ മാത്രമാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്- കോഹ്ലി പറഞ്ഞു.

മതത്തെ അടിസ്ഥാനമാക്കി ഷമിയെ ട്രോളിയത് ദയനീയമാണ്. ട്രോളന്മാര്‍ ദുര്‍ബലരാണ്. അനുകമ്പയും ആത്മവിശ്വാസവും സഹാനുഭൂതിയും ഇല്ലാത്തതാണ് ഈ നാടകങ്ങള്‍ക്കെല്ലാം കാരണമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.