'മെന്റര്‍മാര്‍ക്ക് അധികമൊന്നും ചെയ്യാനാവില്ല, താരങ്ങള്‍ കളത്തില്‍ മികവു കാട്ടണം'; ധോണി ഇംപാക്ട് തള്ളി ഗവാസ്‌കര്‍

ഇന്ത്യയുടെ ട്വന്റി20 ലോക കപ്പ് പ്രകടനത്തിലെ ധോണി ഇംപാക്ട് തള്ളിക്കളഞ്ഞ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. മെന്റര്‍മാര്‍ക്ക് അധികമൊന്നും ചെയ്യാന്‍ കഴിയില്ലെന്നും താരങ്ങളുടെ കളത്തിലെ പ്രകടനമാണ് ടീമിന്റെ വിധി നിര്‍ണയിക്കുകയെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ലോക കപ്പില്‍ മാര്‍ഗനിര്‍ദേശകന് കാര്യമായൊന്നും ചെയ്യാനാവില്ല. ധോണിയുടെ സേവനം ഡ്രസിംഗ് റൂമിലെ തയാറെടുപ്പുകള്‍ക്ക് സഹായിക്കും. തന്ത്രങ്ങള്‍ മെച്ചപ്പെടുത്താനും മെന്റര്‍ തുണയ്ക്കും. ടൈം ഔട്ടുകളില്‍ ബാറ്റര്‍മാരോടും ബോളര്‍മാരോടും സംസാരിക്കാനുമാവും. ധോണിയുടെ നിയമനം നല്ലതു തന്നെ. എങ്കിലും ധോണി ഗ്രൗണ്ടിന് പുറത്തായിരിക്കും. കളിക്കാര്‍ കളത്തില്‍ മികച്ച പ്രകടനം നടത്തുകയെന്നതാണ് ശരിക്കുള്ള ദൗത്യം. സമ്മര്‍ദ്ദത്തെ അവര്‍ കൈകാര്യം ചെയ്യുന്നതിന് അനുസരിച്ചിരിക്കും മത്സരഫലം- ഗവാസ്‌കര്‍ പറഞ്ഞു.

ക്യാപ്റ്റന്‍സി ഒഴിയാനുള്ള തീരുമാനം കോഹ്ലിയുടെ സമ്മര്‍ദ്ദം കുറയ്ക്കും. നായകനാകുമ്പോള്‍ സ്വന്തം കാര്യം മാത്രം ചിന്തിച്ചാല്‍ പോര. മോശം ഫോമിലുള്ള ബാറ്ററോട് ഒരു ബോളറെ നേരിടേണ്ട തന്ത്രങ്ങളെ കുറിച്ച് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. അതിനിടെ സ്വന്തം ബാറ്റിംഗ് ഫോം മറന്നുപോകും. സമ്മര്‍ദ്ദമില്ലാത്തപ്പോള്‍ സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകിരിക്കാന്‍ കഴിയും. ഉത്തരവാദത്തങ്ങളെ കുറിച്ച് ആലോചിക്കേണ്ടതില്ലാത്തതിനാല്‍ ട്വന്റി20 ലോക കപ്പിനുശേഷം കോഹ്ലിക്ക് നല്ല സമയമായിരിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.