'കോഹ്ലിയുടെ വാക്കുകള്‍ കോളിളക്കം സൃഷ്ടിച്ചു, ഗാംഗുലിയെ അതിലേക്ക് വലിച്ചിഴച്ചു'; തുറന്നടിച്ച് മുന്‍ ബാറ്റര്‍

ഏകദിന ടീം ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം വിരാട് കോഹ്ലി നടത്തിയ പത്രസമ്മേളനം ഇന്ത്യന്‍ ക്രിക്കറ്റില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചെന്ന് മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അതിലേക്ക് വഴിച്ചിഴയ്ക്കപ്പെട്ടെന്നും കൈഫ് പറഞ്ഞു.

ഈയിടെയായി ഇന്ത്യന്‍ ക്രിക്കറ്റ് മോശം കാരണങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിന് മുന്‍ കോഹ്ലി നടത്തിയ വാര്‍ത്താ സമ്മേളനം കൊടുങ്കാറ്റ് സൃഷ്ടിച്ചു. സൗരവ് ഗാംഗുലിയും അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു- കൈഫ് പറഞ്ഞു.

ഭാഗ്യവശാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു പ്രശ്‌നപരിഹാരകനെ ലഭിച്ചിരിക്കുന്നു. ഇന്ത്യയുടെ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡാണത്. രാഹുല്‍ ഭായിക്ക് ഒപ്പവും കീഴിലും കളിച്ചിട്ടുള്ളതിനാല്‍, ഇന്ത്യന്‍ ടീമെന്ന കപ്പലിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരാളുണ്ടെങ്കില്‍ അത് അദ്ദേഹമാണെന്ന് തീര്‍ച്ചയായും എനിക്ക് പറയാന്‍ കഴിയും- കൈഫ് കൂട്ടിച്ചേര്‍ത്തു.