'മകളെ കണ്ടിട്ട് ഏറെ നാളായി, എത്രയും വേഗം വീട്ടിൽ എത്തണം', ലങ്കന്‍ ടീമിനെ കൈയൊഴിഞ്ഞ് വലിയ ആശാന്‍

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് സൂപ്പര്‍ 12 ഘട്ടം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശ്രീലങ്കന്‍ ടീമിനെ കൈവിട്ട് ഇതിഹാസ ബാറ്റര്‍ മഹേല ജയവര്‍ധനെ. ലങ്കന്‍ ടീമിന്റെ മാര്‍ഗനിര്‍ദേശകനായ മഹേല ഉടന്‍ നാട്ടിലേക്ക് വിമാനം കയറും. ക്വാറന്റൈനും ബയോബബിളും മടുത്താണ് മഹേലയുടെ തീരുമാനം.

ഇതു കഠിനമാണ്. ജൂണ്‍ മുതല്‍ തുടരെ 135 ദിവസം ക്വാറന്റൈനിലും ബയോബബിൡും കഴിഞ്ഞു. എന്റെ മകളെ കണ്ടിട്ട് വളരെയേറെ നാളുകളായി. തീര്‍ച്ചയായും വീട്ടിലേക്ക് പോകണം. ഒരു അച്ഛന്റെ മാനസികാവസ്ഥ ഏവരും മനസിലാക്കുമെന്ന് കരുതുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടീമുമായി സഹരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്- ജയവര്‍ധനെ പറഞ്ഞു.

കളിക്കാരോട് ഓരോരുത്തരോടും വ്യക്തിപരമായി സംസാരിച്ചു. ബാറ്റിംഗിലാണ് ലങ്കന്‍ ടീം മെച്ചപ്പെടേണ്ടത്. ബോളിംഗ് ലൈനപ്പിന് മികവുണ്ട്. മത്സര സാഹചര്യങ്ങളെ മനസിലാക്കുകയും മികവുകളെ രാകിമിനുക്കാനുള്ള പരിശ്രമം മുന്നോട്ടുകൊണ്ടുപോകുകയുമാണ് വേണ്ടത്. ഇതുവരെ അക്കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ നടപ്പിലാക്കിയിട്ടുണ്ട്. പ്രയാസകരമല്ലെങ്കിലും, ലങ്കന്‍ താരങ്ങള്‍ക്ക് അതു തുടരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

Read more

ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ കോച്ചായ മഹേല ജയവര്‍ധനെ ഏറെ നാള്‍ ബയോബബിളിലായിരുന്നു. ദ ഹണ്ട്രഡ് ക്രിക്കറ്റില്‍ സതേണ്‍ ബ്രേവ്‌സിന്റെ പരിശീലന ചുമതലയും മഹേല വഹിച്ചിരുന്നു.