'അവന്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കും'; അപകടകാരി ആരെന്ന് പറഞ്ഞ് ഹൗറിറ്റ്‌സ്

ട്വന്റി20 ലോക കപ്പില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുക ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ പ്രകടനമായിരിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം നതാന്‍ ഹൗറിറ്റ്‌സ്. സമ്മര്‍ദ്ദം മറികടക്കാനുള്ള കഴിവ് രോഹത്തിനുണ്ടെന്നും ഹൗറിറ്റ്‌സ് പറഞ്ഞു.

തീര്‍ച്ചയായും വിരാടിന്റെ തുറുപ്പുചീട്ട് രോഹിത് ആയിരിക്കും. വളരെ അപകടകാരിയായ കളിക്കാരനാണ് രോഹിത്. സമ്മര്‍ദ്ദത്തിനിടയിലും തന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിവുള്ളയാളാണ് രോഹിത്. സമ്മര്‍ദ്ദ നിമിഷങ്ങളെ സ്വീകരിക്കാനും തരണം ചെയ്യാനും രോഹിത്തിന് പ്രത്യേക വൈഭവമുണ്ട്- ഹൗറിറ്റ്‌സ് പറഞ്ഞു.

കളിക്കളത്തില്‍ ടീമിന്റെ കാര്യം നോക്കുക മാത്രമല്ല ക്യാപ്റ്റന്റെ ഉത്തരവാദിത്വം. ടീമിനെ മുന്നോട്ടു കൊണ്ടു പോകേണ്ടതും തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതും നായകന്റെ ജോലിയാണ്. മറ്റ് പത്ത് കളിക്കാര്‍ എന്തു ചെയ്താലും ക്യാപ്റ്റന് ഉത്തരവാദിത്വമുണ്ട്. താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരേണ്ടത് ഒരു നായകന്റെ ചുമതലകളില്‍ പെടുന്നു. വിരാട് കോഹ്ലി ഇക്കുറി ഐസിസി ട്രോഫി നേടാന്‍ ഏറെ സാദ്ധ്യതയുണ്ടെന്നും ഹൗറിറ്റ്‌സ് പറഞ്ഞു.