'അവന് തിരിച്ചുവരാന്‍ സാധിക്കും', സ്റ്റാര്‍ ഓള്‍ റൗണ്ടറെ പിന്തുണച്ച് ഗംഭീര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥാനം നഷ്ടപ്പെട്ട സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഹാര്‍ദിക്കിന് തിരിച്ചുവരാന്‍ സാധിക്കുമെന്ന് ഗംഭീര്‍ പറഞ്ഞു.

ആറാം നമ്പരില്‍ പുതിയൊരാളെ ഒരു നാള്‍ കണ്ടെത്തേണ്ടിവരും. കണ്ടെത്തിയാലും ഇല്ലെങ്കിലും ഹാര്‍ദിക് പാണ്ഡ്യയെ മാറ്റിനിര്‍ത്താനാവില്ല. ആള്‍ക്കാര്‍ ഇതിനകം തന്നെ ഹാര്‍ദിക്കിനെ എഴുതിത്തള്ളാന്‍ ആരംഭിച്ചുകഴിഞ്ഞു. ഹാര്‍ദിക്കിന് ചെറുപ്പമാണ്. കായികക്ഷമത നിലനിര്‍ത്തുകയും തുടര്‍ച്ചയായി പന്തെറിയുകയും ഫോമിലേക്ക് തിരിച്ചുവരുകയും ചെയ്താല്‍ ഹാര്‍ദിക്കിന് ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ ഇനിയും അവസരം ലഭിക്കും-ഗംഭീര്‍ പറഞ്ഞു.

പുതിയ കോച്ച് രാഹുല്‍ ദ്രാവിഡ് മുന്നില്‍വയ്ക്കുന്ന റൊട്ടേഷന്‍ പോളിസിയെ ഗംഭീര്‍ തള്ളിക്കളഞ്ഞു. കളിക്കാര്‍ക്ക് ദീര്‍ഘകാലം അവസരം നല്‍കിയാലേ അവരുടെ മികവ് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ഓരോ പരമ്പരയ്ക്കുശേഷവും താരങ്ങളെ മാറ്റിക്കൊണ്ടിരുന്നാല്‍ മികച്ച ടീമിനെ കണ്ടെത്താന്‍ സാധിക്കില്ല. കളിക്കുന്ന ക്രിക്കറ്റിന്റെ തോത് നോക്കുമ്പോള്‍, ഇന്ത്യയില്‍ ഓരോ താരങ്ങള്‍ക്കും പകരക്കാരുണ്ട്. കളിക്കാരില്‍ ആരും അദൃശ്യരും അത്യന്താപേക്ഷിതരായവരുമല്ല. എന്നാല്‍ കളിക്കാര്‍ക്ക് നല്‍കുന്ന ചുമതലകളില്‍ ദീര്‍ഘകാലം വിശ്വാസം അര്‍പ്പിക്കണം. അതിലൂടെ മാത്രമേ അവരുടെ കഴിവുകള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.