കുട്ടി ലോക കപ്പിന് തുടക്കം; ഗ്രൂപ്പുകള്‍, ടീമുകള്‍, ഷെഡ്യൂള്‍ എല്ലാം ഇതാ

ഐസിസി അണ്ടര്‍ 19 ലോക കപ്പിന് നാളെ തുടക്കമാകും. വെസ്റ്റിന്‍ഡീസിലാണ് ലോക കപ്പിന് വേദിയാകുന്നത്. 16 ടീമുകളാണ് ലോക കപ്പില്‍ പങ്കെടുക്കുന്നത്. ന്യൂസിലാന്‍ഡ് ഇത്തവണ ലോക കപ്പില്‍ പങ്കെടുക്കുന്നില്ല. പകരം സ്‌കോട്ട്ലാന്‍ഡിനാണ് അവസരം ലഭിച്ചത്.

നാല് ഗ്രൂപ്പുകളാണ് അണ്ടര്‍ 19 ലോക കപ്പിലുള്ളത്. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ്, കാനഡ, ഇംഗ്ലണ്ട്, യുഎഇ എന്നിവരാണ് ഉള്‍പ്പെടുന്നത്. അയര്‍ലന്‍ഡും ദക്ഷിണാഫ്രിക്കയും ഉഗാണ്ടയുമുള്ള ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ഗ്രൂപ്പ് സിയില്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, പപ്പുവ ന്യൂ ഗ്വിനിയ, സിംബാബ്വെ എന്നിവരും ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രേലിയ, സ്‌കോട്ട്ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുമാണുള്ളത്.

വെസ്റ്റിന്‍ഡീസും-ഓസ്ട്രേലിയയും, ശ്രീലങ്കയും-സ്‌കോട്ട്ലന്‍ഡും തമ്മില്‍ നടക്കുന്ന മത്സരത്തോടെയാവും ലോക കപ്പിന് ആരംഭമാവുക. ഗുയാനയിലെ രണ്ട് വേദികളിലായാണ് മത്സരം. ഈ മാസം 25ന് ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിക്കും. ഫെബ്രുവരി 1,2 തിയതികളിലായി സെമി ഫൈനല്‍ നടക്കും ഫെബ്രുവരി അഞ്ചിനാണ് ഫൈനല്‍.

ലോക കപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയാണ്. 15നാണ് മത്സരം. 19ന് അയര്‍ലന്‍ഡിനെയും 22ന് ഉഗാണ്ടയേയും ഇന്ത്യ നേരിടും. ബംഗ്ലാദേശാണ് നിലവിലെ ചാമ്പ്യന്മാര്‍.

എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് ആരംഭിക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിലും മത്സരങ്ങള്‍ ലൈവായി കാണാം.