വസീം ജാഫറുടെ പുറത്താകലില്‍ വിവാദം

സൂറത്ത്: രഞ്ജി ട്രോഫിയില്‍ വിദര്‍ഭയുടെ ഏറ്റവും ശക്തനായ താരം വസീം ജാഫറെ പുറത്താക്കനുളള തീരുമാനം വിവാദം സൃഷ്ടിച്ചു. മത്സരത്തിന്റെ ഒന്നാം ദിവസമാണ് വസീം ജാഫര്‍ സംശയകരമായ രീതിയില്‍ പുറത്തായത്. പ്രതിഷേധം ഉയര്‍ത്തിയാണ് താരം ക്രീസിന് പുറത്ത് പോയത്.

കെ.സി.അക്ഷയ് എറിഞ്ഞ 17-ാം ഓവറിലാണ് സംഭവം. ആ ഓവറിലെ അഞ്ചാം പന്ത് കുത്തിത്തിരിഞ്ഞു വസിം ജാഫറിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു ഗ്ലൗവിലുരസി പിന്നിലെത്തി. ഇതോടെ സഞ്ജുവിന്റെ പാഡില്‍ തട്ടി ഉയര്‍ന്ന് സ്ലിപ്പില്‍ അരുണ്‍ കാര്‍ത്തിക്കിന്റെ കൈകളിലൊടുങ്ങുകയായിരുന്നു. ഇതോടെ ആഹ്ലാദ പ്രകടനം തുടങ്ങിയ കേരളത്തെ ഞെട്ടിച്ച് പന്ത് താഴെ വീണു.

ആഹ്ലാദപ്രകടനത്തിനൊപ്പം ഔട്ട് വിധിച്ച അമ്പയറിനെ വസിം ജാഫര്‍ ചോദ്യംചെയ്തു. ക്യാച്ച് അരുണ്‍ കാര്‍ത്തിക് എടുക്കുംമുന്‍പാണു പന്തു വീണതെന്നു വാദം. ക്യാച്ച് എടുത്തതിനു ശേഷം ആഹ്ലാദത്തിനിടെ കയ്യില്‍ നിന്നു വീണതാണെന്നായി കേരളം. ഫീല്‍ഡ് അമ്പയര്‍മാര്‍ കൂടിയാലോചിച്ചു കേരളത്തിന്റെ വാദം ഒടുവില്‍ അംഗീകരിക്കുകയായിരുന്നു.

ഇതോടെ കേരള-വിദര്‍ഭ ക്യാമ്പുകള്‍ തമ്മില്‍ പരസ്പരം പോരിലേക്കും ഈ സംഭവം കാരണമായി. ക്യാച്ച് കേരളം കൈവിട്ടെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്നും എന്നാല്‍ ഔദ്യോഗികമായ പ്രതിഷേധത്തിനോ പരാതിക്കോ ഇല്ലെന്നും കെസിഎയുടെ മുന്‍ ക്രിക്കറ്റ് ഡയറക്ടറായിരുന്ന വിദര്‍ഭ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു.

എന്നാല്‍ അര്‍ഹമായ വിക്കറ്റാണ് അനുവദിച്ചതെന്നു ചൂണ്ടിക്കാട്ടിയ കേരളം, എം.ഡി.നിധീഷിന്റെ രണ്ടാം ഓവറില്‍ ഫയാസ് ഫസല്‍ വിക്കറ്റിനു മുന്നില്‍ കൃത്യമായി കുടുങ്ങിയിട്ടും വിക്കറ്റ് അനുവദിച്ചിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.