അപരാജിത സെഞ്ച്വറിയുമായി സ്മിത്ത്; ഇംഗ്ലണ്ടിന് തകര്‍ച്ച

ആഷസ് ടെസ്റ്റ് പരമ്പരയുടെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയന്‍ മേധാവിത്വം. ആദ്യ ഇന്നിംഗ്‌സില്‍ 26 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ 33 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റും പിഴുതു. ഇതോടെ ടെസ്റ്റ് മത്സരം മൂന്ന് ദിവസം കഴിയുമ്പോള്‍ എട്ട് വിക്കറ്റ് അവശേഷിക്കെ ഏഴ് റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന്റെ ലീഡ്.

ഏഴ് റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കും രണ്ട് റണ്‍സെടുത്ത വിന്‍സുമാണ് ഇംഗ്ലീഷ് നിരയില്‍ പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. 19 റണ്‍സുമായി സ്റ്റോണ്‍മാനും അഞ്ച് റണ്‍സുമായി നായകന്‍ ജോ റൂട്ടുമാണ് ക്രീസില്‍.

ഒന്നാം ഇന്നിംഗ്‌സില്‍ പുറത്താകാതെ സെഞ്ച്വറി നേടിയ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസ്‌ട്രേലിയ ലീഡ് സ്വന്തമാക്കിയത്. സ്മിത്ത് പുറത്താകാതെ 141 റണ്‍സ് എടുത്തു. 326 പന്തില്‍ 14 ബൗണ്ടറി സഹിതമാണ് സ്മിത്ത് 141 റണ്‍സെടുത്തത്. സ്മിത്തിന്റെ 21ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

ഒരറ്റത്ത് വിക്കറ്റുകളെല്ലാം പൊഴിയുമ്പോഴും സ്മിത്ത് ഓസ്‌ട്രേലിയയെ വിജയതീരത്തെത്തിക്കുകയായിരുന്നു. 51 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷും 42 റണ്‍സെടുത്ത പാത്ത് കുമ്മിന്‍സണുമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്ന മറ്റ് താരങ്ങള്‍. ബെന്‍ക്രോഫ്റ്റ് (5) ഡേവിഡ് വാര്‍ണര്‍ (26), ഉഥ്മാന്‍ ക്വാജ (11), ഹാന്‍ കോംമ്പ് (14) പെയ്ന്‍ (13) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

ഇംഗ്ലീഷ് ബൗളര്‍മാരില്‍ മൂന്നു വിക്കറ്റെടുത്ത സ്റ്റൂവര്‍ട്ട് ബ്രോഡ് തിളങ്ങി. ജെയിംസ് ആന്‍ഡേഴ്സണ്‍, മോയീന്‍ അലി എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്സിലെ 26 റണ്‍സ് ലീഡ് ഓസ്ട്രേലിയയ്ക്ക് നേരിയ മേല്‍ക്കൈ സമ്മാനിക്കും. പ്രത്യേകിച്ച് പേസര്‍മാര്‍ക്ക് തുണയാകുന്ന പിച്ചില്‍.