ഐറിഷ് വിപ്ലവം, ലോകചാമ്പ്യന്‍മാര്‍ക്ക് എതിരെ അമ്പരപ്പിക്കുന്ന അട്ടിമറി

ഗ്രനേഡ: ടി20യിലെ ലോകചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ അയര്‍ലന്‍ഡ് ടീം. സ്വന്തം കാണികള്‍ക്ക് മുന്നിലാണ് വിന്‍ഡീസ് കരുത്തര്‍ക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. ആവേശം വാനോളം ഉയര്‍ന്ന മത്സരത്തില്‍ നാലു റണ്‍സിനാണ് വിന്‍ഡീസ് അയര്‍ലന്‍ഡിനോട് തോല്‍വി വഴങ്ങിയത്.

ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ അയര്‍ലന്‍ഡ് 1-0 ത്തിന് മുന്നിലെത്തി. ഏകദിന പരമ്പര 3-0 ന് അടിയറവ് വെച്ച ഐറിഷ് ടീമിന്റെ മധുര പ്രതികാരമായി മാറി ഈ വിജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. വിന്‍ഡീസിന്റെ മറുപടി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സില്‍ അവസാനിച്ചു.

അയര്‍ലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് അവസാന ഓവര്‍ വരെ വിജയസാദ്ധ്യതയുണ്ടായിരുന്നു. അവസാന മൂന്ന് ഓവറില്‍ വിന്‍ഡീസിന് വിജയത്തിന് വേണ്ടിയിരുന്നത് 43 റണ്‍സായിരുന്നു. ക്രീസില്‍ റുഥര്‍ഫോര്‍ഡും നിക്കോളാസ് പുരാനും. ഗാരി മക്കാര്‍ത്തി ബോള്‍ ചെയ്ത 18ാം ഓവറില്‍ മൂന്നു സിക്‌സും രണ്ടു ഫോറും സഹിതം 27 റണ്‍സ് ഇരുവരും അടിച്ചു കൂട്ടി.

ഇതോടെ അവസാന രണ്ട് ഓവറില്‍ വിന്‍ഡീസിന് വിജയത്തിലേക്കുള്ള അകലം വെറും 16 റണ്‍സായി കുറഞ്ഞു. ക്രെയ്ഗ് യംഗ് എറിഞ്ഞ 19ഡ-ാം ഓവര്‍ വഴിത്തിരിവായി. രണ്ടാം പന്തില്‍ പുരാന്‍ പുറത്ത്. പകരമെത്തിയ ബ്രാവോയ്ക്ക് പന്തുകള്‍ കണക്ട് ചെയ്യാനാകാതെ പോയതോടെ ആ ഓവറില്‍ പിറന്നത് മൂന്നു റണ്‍സ് മാത്രം. ഇതോടെ വിന്‍ഡീസിന്റെ വിജയലക്ഷ്യം അവസാന ഓവറില്‍ 13 റണ്‍സായി.

ജോഷ്വാ ലിറ്റില്‍ ബോള്‍ ചെയ്ത അവസാന ഓവറിന്റെ ആദ്യ പന്തില്‍ റുഥര്‍ഫോര്‍ഡും മടങ്ങി. 13 പന്തില്‍ 26 റണ്‍സെടുത്തു മടങ്ങിയ റുഥര്‍ഫോര്‍ഡിനു പകരമെത്തിയത് ഹെയ്ഡന്‍ വാല്‍ഷ്. രണ്ടാം പന്ത് സിക്‌സറിനു പറത്തിയ ബ്രാവോ സമ്മര്‍ദ്ദം കുറച്ചു. അടുത്ത പന്തില്‍ ഡബിള്‍. ഇതോടെ വിജയലക്ഷ്യം മൂന്നു പന്തില്‍ അഞ്ചു റണ്‍സായി കുറഞ്ഞു.

എന്നാല്‍ പിന്നീട് നടന്നത് അമ്പരപ്പിക്കുന്ന സംഭവങ്ങള്‍. നാലാം പന്തില്‍ ബ്രാവോയ്ക്ക് റണ്‍ നേടാനായില്ല. സമ്മര്‍ദ്ദമേറിയതോടെ അഞ്ചാം പന്തില്‍ ബ്രാവോ പുറത്ത്. ജോഷ്വാ ലിറ്റിലിന്റെ അവസാന പന്ത് കിടിലനൊരു യോര്‍ക്കറിന്റെ രൂപത്തിലെത്തിയതോടെ ഹെയ്ഡന്‍ വാല്‍ഷ് നിസഹായനായി. അയര്‍ലന്‍ഡിന് നാലു റണ്‍സിന്റെ തകര്‍പ്പന്‍ ജയം.

29 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിത.ം 53 റണ്‍സെടുത്ത എവിന്‍ ലൂയിസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. നേരത്തെ, തകര്‍ത്തടിച്ച് ട്വന്റി20 കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ്ങിന്റെ പ്രകടനമാണ് അയര്‍ലന്‍ഡിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. 47 പന്തില്‍ ആറു ഫോറും എട്ടു സിക്‌സും സഹിതം 95 റണ്‍സെടുത്ത സ്റ്റിര്‍ലിങ്ങിന് നിര്‍ഭാഗ്യം കൊണ്ടാണ് സെഞ്ച്വറി നഷ്ടമായത്.