ഐ.പി.എല്‍ മെഗാലേലം: രജിസ്റ്റര്‍ ചെയ്തത് 1214 താരങ്ങള്‍, പേര് നല്‍കാതെ വെടിക്കെട്ട് വീരന്‍

ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള ഐപിഎല്‍ മെഗാലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തത് ആകെ 1214 താരങ്ങള്‍. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. ആകെ താരങ്ങളില്‍ 903 പേരും മുന്‍പ് രാജ്യാന്തര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരങ്ങളല്ല. രാജ്യാന്തര മത്സരങ്ങളില്‍ കളിച്ചിട്ടുള്ളവരില്‍ 209 പേര്‍ വിദേശികളും 61 പേര്‍ ഇന്ത്യന്‍ താരങ്ങളുമാണ്.

ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 2 കോടി രൂപയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 49 താരങ്ങളാണ്. ഇതില്‍ 17 പേര്‍ ഇന്ത്യന്‍ താരങ്ങളും 32 പേര്‍ വിദേശ താരങ്ങളുമാണ്. ആര്‍ അശ്വിന്‍, ശ്രേയാസ് അയ്യര്‍, ശിഖര്‍ ധവാന്‍, ഇഷന്‍ കിഷന്‍, സുരേഷ് റെയ്‌ന, പാറ്റ് കമ്മിന്‍സ്, ആദം സാമ്പ, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അല്‍ ഹസന്‍, കഗീസോ റബാഡ, ഡ്വെയിന്‍ ബ്രാവോ, ട്രെന്റ് ബോള്‍ട്ട്, ഫാഫ് ഡുപ്ലെസി, ക്വിന്റണ്‍ ഡികോക്ക്, ദേവ്ദത്ത് പടിക്കല്‍, കൃണാല്‍ പാണ്ഡ്യ, മുഹമ്മദ് ഷമി, റോബിന്‍ ഉത്തപ്പ തുടങ്ങിയവരാണ് പട്ടികയില്‍ ഉള്ളത്.

ഇന്ത്യയുടെ മലയാളി പേസര്‍ എസ്. ശ്രീശാന്തും പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അന്തിമപട്ടികയില്‍ ഇടം പിടിച്ചില്ല.

അതേസമയം, വിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടെ ചില വമ്പന്‍ താരങ്ങള്‍ താര ലേലത്തില്‍ പേര് നല്‍കിയിട്ടില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്, ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ് എന്നിവരാണ് ഇതില്‍ പ്രമുഖര്‍. ഫെബ്രുവരി ഫെബ്രുവരി 12, 13 തീയതികളില്‍ ബെംഗളൂരുവിലാണ് ഐപിഎല്‍ ലേലം നടക്കുക.