ബ്രസീല്‍-അര്‍ജന്റീന പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നു; ഇത്തവണ സൗദിയില്‍ വച്ച്

ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നു. നവംബര്‍ 14ന് നടക്കുന്ന മത്സരത്തിന് സൗദി അറേബ്യ വേദിയാകും. എന്നാല്‍ ലയണല്‍ മെസ്സി കളിക്കളത്തിലുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോപ്പ വിവാദത്തെ തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മെസ്സിയെ വിലക്കിയിരിക്കുകയാണ്.

മെസ്സി ഇല്ലെങ്കിലും മറ്റ് പ്രമുഖ താരങ്ങളെല്ലാം മത്സരത്തില്‍ പങ്കെടുക്കും. ബ്രസീല്‍ താരം നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സൗദിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോപ്പ അമേരിക്കയില്‍ കളിച്ച മെസ്സി കഴിഞ്ഞ ദിവസമാണ് ബാഴ്‌സലോണയില്‍ തിരിച്ചെത്തിയത്.

കോപ്പ അമേരിക്ക സംഘാടകര്‍ക്ക് എതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതിനാല്‍ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ നവംബര്‍ 3ന് ശേഷം മാത്രമേ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചെത്താനാകൂ.