ബാഴ്സയുടെ സ്വപ്നങ്ങൾ അവസാനിക്കുന്നു, സൂപ്പർതാരത്തിനു സീസൺ മുഴുവൻ നഷ്ടമായേക്കും

Gambinos Ad
ript>

പ്രതിരോധത്തിലെ ചോർച്ച കൊണ്ട് ഈ സീസണിൽ പൊറുതി കേടനുഭവിക്കുന്ന ബാഴ്സക്ക് കൂടുതൽ തിരിച്ചടി നൽകി ഉംറ്റിറ്റിയുടെ പരിക്ക്. ബാഴ്സ പ്രതിരോധ നിരയിലെ ഏറ്റവും മികച്ച താരമായ ഉംറ്റിറ്റിക്ക് ഈ സീസൺ മുഴുവൻ നഷ്ടമായേക്കാമെന്നാണ് ഇപ്പോൾ ഉയരുന്ന സൂചനകൾ. കാൽപാദത്തിനു പരിക്കേറ്റതു മൂലം സെപ്തംബർ 26നു ശേഷം ഒരു മത്സരത്തിലും കളിക്കാത്ത താരത്തിന് കാലിൽ ശസ്ത്രക്രിയ വേണ്ടി വന്നാൽ ഈ സീസൺ മുഴുവൻ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.

Gambinos Ad

വിവിധ സ്പാനിഷ് മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം ബാഴ്സയുടെ അടുത്ത മൂന്നു വമ്പൻ പോരാട്ടങ്ങളിൽ നിന്നും ഉംറ്റിറ്റി പുറത്താണെന്ന് ഉറപ്പിച്ചു കഴിഞ്ഞു. 20നു സെവിയ്യക്കെതിരെയും 24നു ഇന്റർമിലാനെതിരെയും 28നു റയലിനെതിരെയുമാണ് ബാഴ്സയുടെ അടുത്ത മൂന്നു മത്സരങ്ങൾ. നിരന്തരം ഗോൾ വഴങ്ങുന്ന ബാഴ്സ പ്രതിരോധത്തിന് ഈ മൂന്നു മത്സരങ്ങളിൽ ഉംറ്റിറ്റിയെ നഷ്ടപ്പെടുന്നത് കനത്ത തിരിച്ചടിയാണ്.

ലാലിഗയിലെ ആദ്യ എട്ടു ടീമുകളിൽ ഏറ്റവും മോശം ഡിഫൻസീവ് റെക്കോർഡ് ബാഴ്സക്കാണ്. എട്ടു മത്സരങ്ങളിൽ നിന്നും ഒൻപതു ഗോളുകൾ ലാലിഗയിൽ വഴങ്ങിയ ബാഴ്സ ഈ സീസണിൽ ആകെ പതിനൊന്നു മത്സരങ്ങളിൽ നിന്നും പന്ത്രണ്ടു ഗോളുകൾ വഴങ്ങി. അവസാന നാലു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയം നേടാനും ബാഴ്സക്കായിട്ടില്ല. ലാലിഗയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സ.

ഉംറ്റിറ്റിയുടെ കാൽപാദത്തിനു ശസ്ത്രക്രിയ വേണോയെന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും പരിക്കിന്റെ ആഴം വച്ച് അതു വേണ്ടി വരുമെന്നാണ് സൂചനകൾ. അങ്ങിനെയാണെങ്കിൽ ലോകകപ്പ് ജേതാവായ താരം ഈ സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരും. ഉംറ്റിറ്റി പുറത്തായാൽ ജനുവരിയിൽ ബാഴ്സ ഏതെങ്കിലും പ്രതിരോധ താരത്തെ സ്വന്തമാക്കാൻ സാധ്യതയുണ്ട്.