Wednesday, 19 August 2026
‘Honest storytelling is a powerful means of change
08:28:48 PM IST
National

26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

SHARE

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 26 ദിവസത്തെ ഉപവാസത്തിന് ശേഷമാണ് അദ്ദേഹം സമരത്തിൽ നിന്ന് പിന്മാറുന്നത്. ‘ചലോ സൻസദ്’ (പാർലമെന്റ് മാർച്ച്) പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ യാതൊരുവിധ നിയമനടപടികളും ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയതിന് പിന്നാലെയാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്.

​ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ചത്. ജെ.പി. നഡ്ഡ നൽകിയ ജ്യൂസ് കുടിച്ച് സമരം അവസാനിപ്പിക്കുമ്പോൾ വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തുടർച്ചയായ ഉപവാസത്തെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയും 11 കിലോയോളം ഭാരം കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് കേന്ദ്രമന്ത്രിമാർ ആശുപത്രിയിലെത്തി അദ്ദേഹവുമായി നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഒടുവിൽ സമവായമുണ്ടായത്.

​വിദ്യാർഥികൾക്കെതിരെ യാതൊരുവിധ നിയമനടപടികളോ പീഡനങ്ങളോ ഉണ്ടാകില്ലെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ മാത്രമേ താൻ ഉപവാസം അവസാനിപ്പിക്കുകയുള്ളൂ എന്ന് വാങ്ചുക്ക് കർശന വ്യവസ്ഥ മുന്നോട്ടുവെച്ചിരുന്നു. വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി ആരംഭിച്ച ഈ പ്രക്ഷോഭത്തിൽ അവരുടെ ഭാവിയും ജീവനും പണയംവെക്കാൻ താൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെയാണ് കേന്ദ്രസർക്കാർ വഴങ്ങിയത്. കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 എംപിമാരും വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചിരുന്നു. രാജ്യത്തിന് താങ്കളുടെ സേവനം ഇനിയും ആവശ്യമുണ്ടെന്ന അവരുടെ അഭ്യർത്ഥനയും അദ്ദേഹം കണക്കിലെടുക്കുകയായിരുന്നു.

Read More

‘വക്താക്കൾക്ക് ശമ്പളം കൊടുക്കുന്നില്ല, ഒന്നാംതീയതി വീട്ടുടമ വാടക ചോദിക്കും ; ബിജെപിക്കാരനായതുകൊണ്ട് എനിക്ക് വീട്ടുടമസ്ഥൻ സൗജന്യമൊന്നും നൽകില്ല: പാർട്ടി വിടാനുള്ള കാരണം പറഞ്ഞ് ഷെഹ്‌സാദ് പൂനാവാല

s
ന്യൂസ് ഡെസ്ക്
View all posts →