Wednesday, 9 September 2026
‘Honest storytelling is a powerful means of change
12:01:27 PM IST
Kerala

അർജുൻ ആയങ്കിയെ പൊക്കാന്‍ ഷൗക്കത്തലി ഇറങ്ങിയേക്കും; കേരള പോലീസ് നെട്ടോട്ടം ഓടുമ്പോഴും അർജുൻ ആയങ്കി കാണാമറയത്ത്, തൃശൂരില്‍ നിന്ന് ആയങ്കി മുങ്ങിയത് എങ്ങോട്ട്?

ന്യൂസ് ഡെസ്ക് 8 August 2026, 2:32 pm
SHARE

സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ കേസ് പ്രതിയും സൈബര്‍ ഇടങ്ങളിലെ മുന്‍ പോരാളിയുമായ അര്‍ജുന്‍ ആയങ്കിയെ പൊക്കാന്‍ ഷൗക്കത്തലി ഇറങ്ങിയേക്കും. മുടക്കോഴി മലയിലേക്ക് വീണ്ടുമൊരു ഓപ്പറേഷന്‍ വേണ്ടിവരുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. തൃശൂരില്‍ നിന്ന് ആയങ്കി മുങ്ങിയത് എങ്ങോട്ടാണെന്ന് അറിയാതെ വട്ടം കറങ്ങുകയാണ് കേരള പോലീസ്. അതേസമയം പൊലീസിനെ വട്ടം കറക്കുന്ന ആയങ്കിയെ വലയിലാക്കാൻ സംസ്ഥാന പോലീസ് വീണ്ടും വലിയൊരു റെയ്ഡിന് പ്ലാന്‍ തയ്യാറാക്കുകയാണ് എന്നാണ് സൂചന.

ഒളിവിലിരുന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ് അർജുൻ ആയങ്കി. തൃശൂരില്‍ വെച്ച് പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ് രക്ഷപ്പെട്ട ആയങ്കി ഇനി എങ്ങോട്ട് പോയി എന്ന ചോദ്യത്തിന് അന്വേഷണ സംഘത്തിന്റെ പക്കല്‍ വ്യക്തമായ ചില സൂചനകളുണ്ട്. കണ്ണൂരിലെ വിശ്വസ്തരായ പാര്‍ട്ടി അണികളുടെ സംരക്ഷണത്തിലേക്ക് ഇയാള്‍ മാറിയെന്ന നിഗമനത്തിലാണ് കോഴിക്കോട് പോലീസ് എത്തിനില്‍ക്കുന്നത്.
എന്നാല്‍, ഇതൊരു സാധാരണ പോലീസും കള്ളനും കളിയല്ല. ഇത്തവണ ആയങ്കിയെ തളയ്ക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത് മറ്റാരുമല്ല. കേരള പോലീസിലെ എക്കാലത്തെയും വിപ്ലവകരമായ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ എ.വി. ഷൗക്കത്തലിയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ മുടക്കോഴി മല കയറി അര്‍ദ്ധരാത്രിയില്‍ പൊക്കിയ അതേ ഷൗക്കത്തലി ഇന്ന് കോഴിക്കോട് സിറ്റി പോലീസിന്റെ തലപ്പത്തിരിക്കുമ്പോള്‍ അര്‍ജുന്‍ ആയങ്കിയുടെ വഴികള്‍ അടയുകയാണ്.

കണ്ണൂരിലെ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ മുടക്കോഴി മലയെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ആയങ്കി മാറിയോ എന്നാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. പോലീസിന് പെട്ടെന്ന് കടന്നുചെല്ലാന്‍ സാധിക്കാത്ത, പാര്‍ട്ടി അണികളുടെ അതിശക്തമായ നിരീക്ഷണവലയമുള്ള പ്രദേശങ്ങളിലേക്ക് മാറുന്നതിലൂടെ താല്‍ക്കാലിക രക്ഷപ്പെടലാണ് ആയങ്കി ലക്ഷ്യമിടുന്നത്. മുന്‍പും സമാനമായ രീതിയില്‍ ഒളിത്താവളങ്ങള്‍ മാറിയ ചരിത്രം ഇയാള്‍ക്കുണ്ട്.
എന്നാല്‍ മുടക്കോഴി മലയെന്ന പ്രതിരോധ കോട്ട തകര്‍ത്ത ചരിത്രമാണ് ഷൗക്കത്തലിക്കുള്ളത്. ടി.പി കേസ് അന്വേഷണ വേളയില്‍, തോക്കുകളും മാരകായുധങ്ങളുമായി ഒളിവിലിരുന്ന കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി തുടങ്ങിയ കൊടും കുറ്റവാളികളെ മുടക്കോഴി മലമുകളില്‍ കയറി ചോരചിന്താതെ പിടികൂടിയ ഷൗക്കത്തലിയുടെ യുദ്ധതന്ത്രം കേരള പോലീസ് ചരിത്രത്തിലെ നാഴികക്കല്ലാണ്. സാഹസികതയും കൃത്യമായ രഹസ്യാന്വേഷണ മിടുക്കും ഒന്നിക്കുന്ന അതേ ഷൗക്കത്തലി ആയങ്കിയെയും പിന്തുടര്‍ന്നാല്‍ കളി മാറും.

Read More
s
ന്യൂസ് ഡെസ്ക്
View all posts →