‘പദ്ധതി വിഹിതമില്ല, ക്ഷേമ പദ്ധതികളും മുടങ്ങി’; ധനവകുപ്പിന്റെ പിടിപ്പുകേടിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ കടുത്ത ഭരണസ്തംഭനം
സർക്കാരിന്റെ പ്ലാൻ ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം താളംതെറ്റുന്നു. 2025-ലെ അവസാന ഗഡുവും 2026-ലെ ഗഡുക്കളും മുടങ്ങിക്കിടക്കുന്നതോടെ കടുത്ത ഭരണസ്തംഭനത്തിലേക്കാണ് തദ്ദേശ സ്ഥാപനങ്ങൾ നീങ്ങുന്നത്. ഫണ്ട് അനുവദിക്കുന്നത് വൈകുന്നതോടെ താത്ക്കാലിക ജീവനക്കാരുടെ ശമ്പളം മുതൽ കിടപ്പുരോഗികൾക്കുള്ള സഹായം വരെ മുടങ്ങി, ദുരിതത്തിലായിരിക്കുന്നത് സാധാരണക്കാരാണ്.
സംസ്ഥാനത്ത് ഇത്ര രൂക്ഷമായ ഭരണസ്തംഭനം ഉണ്ടായിട്ടും മുഖ്യമന്ത്രിയും ധനമന്ത്രി വി.ഡി സതീശനും പുലർത്തുന്ന നിസ്സംഗതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വൻകിട പ്രഖ്യാപനങ്ങൾ കൊട്ടിഘോഷിക്കുമ്പോഴും ഗ്രാമീണ മേഖലയുടെ നട്ടെല്ലൊടിക്കുന്ന സമീപനമാണ് ധനവകുപ്പ് സ്വീകരിക്കുന്നത്. കൃത്യസമയത്ത് ഫണ്ട് അനുവദിക്കുന്നതിലെ ധനമന്ത്രി വി.ഡി സതീശന്റെ തികഞ്ഞ പിടിപ്പുകേടാണ് തദ്ദേശ സ്ഥാപനങ്ങളെ ഈ പരുവത്തിലാക്കിയതെന്ന വിമർശനം ശക്തമാണ്. സാധാരണക്കാരുടെ ആശ്രയമായ ക്ഷേമ പദ്ധതികൾ ഒന്നൊന്നായി നിലച്ചിട്ടും ഭരണത്തലവനായ മുഖ്യമന്ത്രി ഇതിൽ ഇടപെടാതെ നോക്കുകുത്തിയായി മൗനം പാലിക്കുന്നത് സർക്കാരിന്റെ ജനവിരുദ്ധ മുഖമാണ് തുറന്നുകാട്ടുന്നത്. ഖജനാവിലെ കെടുകാര്യസ്ഥത മറച്ചുവെക്കാൻ ധനവകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തറുക്കുകയാണെന്ന ആക്ഷേപവും വ്യാപകമാണ്.
സാമ്പത്തിക വർഷത്തിലെ നാല് മാസങ്ങൾ പിന്നിടുമ്പോഴും ഫണ്ട് വരാത്തത് വലിയ പ്രതിസന്ധിയാണ് പ്രാദേശിക തലത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ നിയമിച്ച താത്ക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇതിനോടകം നാല് മാസമായി. ഇതിന് പുറമെ സാധാരണക്കാരുടെ ആശ്രയമായിരുന്ന ആരോഗ്യ-ക്ഷേമ പദ്ധതികളും പൂർണ്ണമായും അവതാളത്തിലായിരിക്കുകയാണ്. കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള ‘ആശ്വാസകിരണം’ പദ്ധതിയും പാലിയേറ്റീവ് പ്രവർത്തനങ്ങളും നിലച്ചു. ഭിന്നശേഷിക്കാർക്കുള്ള സ്‌കോളർഷിപ്പ് വിതരണവും പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്റ്റൈപന്റ് വിതരണവും പൂർണ്ണമായും തടസ്സപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ആശുപത്രികളിലെ മരുന്ന് വിതരണവും ഡയാലിസിസ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ ചികിത്സാ സഹായങ്ങളും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിട്ടുകിട്ടിയിട്ടുള്ള ഒട്ടനവധി ആശുപത്രികൾ, സ്‌കൂളുകൾ, മറ്റ് തനത് പദ്ധതികൾ എന്നിവയെല്ലാം മുടങ്ങിയെന്നും പ്രാദേശിക സർക്കാരുകൾ പൂർണ്ണമായും നിഷ്‌ക്രിയമായെന്നും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രശാന്തിനി പ്രതികരിച്ചു. അത്യാവശ്യ കാര്യങ്ങൾക്ക് തനത് ഫണ്ട് എടുത്ത് ഉപയോഗിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളെന്നും അവർ വ്യക്തമാക്കി.
ഒരു വശത്ത് ഫണ്ട് മുടങ്ങിക്കിടക്കുമ്പോൾ, മറുവശത്ത് പദ്ധതികൾ ക്രമീകരിക്കേണ്ട സോഫ്റ്റ്‌വെയർ സർക്കാർ പൂർണ്ണമായും തുറന്ന് നൽകിയിട്ടില്ലെന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഈ മാസം 31-നകം പദ്ധതികൾ സമർപ്പിക്കണമെന്നാണ് തദ്ദേശ വകുപ്പിന്റെ നിർദ്ദേശം. പദ്ധതി സമർപ്പിച്ചാൽ മാത്രമേ ജില്ലാതല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുകയുള്ളൂ. സാമ്പത്തിക വർഷത്തിലെ നിർണായകമായ നാലുമാസങ്ങളാണ് ഭരണസമിതികൾക്ക് ഇതിനോടകം പാഴായിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതാണ് കഴിഞ്ഞ വർഷത്തെ അവസാന ഗഡു നൽകാൻ കാലതാമസം നേരിട്ടതിന് കാരണമെന്നാണ് മുൻ തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചത്. അന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല. അതേസമയം, നിലവിലെ യു.ഡി.എഫ് സർക്കാർ പ്ലാൻ ഫണ്ടിന്റെ ആദ്യ ഗഡു പോലും ഇതുവരെ നൽകിയിട്ടില്ലെന്നും എം.ബി രാജേഷ് കുറ്റപ്പെടുത്തി. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പോർവിളികൾ തുടരുമ്പോഴും, അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തനം സംസ്ഥാനത്ത് പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയിലാണുള്ളത്.
പിഴ ഒഴിവാക്കാന്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ സഹായം തേടി; മെസിയുടെ പേരിലെ തട്ടിപ്പിൽ സ്പോണ്‍സര്‍ക്കായി മുന്‍ സര്‍ക്കാരിന്റെ കരുതല്‍
‘അര്‍ജന്റീന ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ സ്പെയിന് സന്ദര്‍ശിച്ച വകയില്‍ 13 ലക്ഷം രൂപ ചെലവായി’; മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് തെളിയിച്ച് നിയമസഭാ രേഖ