Tuesday, 11 August 2026
‘Honest storytelling is a powerful means of change
05:18:28 PM IST
National

‘മതാചാരങ്ങളുടെ പേരിൽ നദികൾ മലിനമാക്കാൻ പാടില്ല, ഭക്തർ ചെയ്യുന്ന കാര്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാകരുത്’; മദ്രാസ് ഹൈക്കോടതി

ന്യൂസ് ഡെസ്ക് 13 July 2026, 12:53 pm
SHARE

മതാചാരങ്ങളുടെ പേരിൽ നദികൾ മലിനമാക്കാൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭക്തർ ചെയ്യുന്ന കാര്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാകരുതെന്ന് പറഞ്ഞ കോടതി ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പൊതുജനരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും വ്യക്തമാക്കി. താമിരഭരണി നദിയിൽ ഭക്തർ വസ്ത്രങ്ങളും ചെരുപ്പുകളും മറ്റും ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി പരാമർശം.

താമിരഭരണി നദിയിൽ ഒരു ദിവസം ഒരു ടൺ മാലിന്യം ആണ് ഉപേക്ഷിക്കപ്പെടുന്നതെന്ന് ശുചീകരണതൊഴിലാളി അറിയിച്ചിരുന്നു. ശവസംസ്കാര ചടങ്ങുകളുടെ മറവിൽ ടൺ കണക്കിന് വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഗ്ലാസ് വസ്തുക്കൾ തുടങ്ങിയവ താമിരഭരണി നദിയിൽ തള്ളുന്നുവെന്നും ഈ ആചാരം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്നും എന്നാല്‍, മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് എല്ലാവരുടെയും അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും പൊതുജനങ്ങളെ അറിയിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തിരുനെൽവേലി ജില്ലാ കളക്ടറോട് വ്യാഴാഴ്ച നിർദേശിച്ചു.

ജലാശയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥനും ബി. പുഗലേന്തിയും ഉൾപ്പെട്ട പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. അംബാസംദുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന മണ്ഡപത്തിനെതിരെ ആരംഭിച്ച കുടിയൊഴിപ്പിക്കൽ നടപടികളെ എതിർത്ത് ഒരാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ബെഞ്ച് ഈ നിർദ്ദേശങ്ങൾ നൽകിയത്. പാപനാശം മുതൽ താമിരബരണിയിലെ കുളിക്കടവുകളിൽ ആയിരക്കണക്കിന് ഭക്തർ അന്ത്യകർമങ്ങൾ നടത്താൻ എത്താറുണ്ടെന്ന് അപ്പർ താമിരബരണി സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഡബ്ല്യുആർഒ) കോടതിയെ അറിയിച്ചു. മരിച്ചയാളുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾ, ടവലുകൾ, ചെരിപ്പുകൾ, മറ്റ് വസ്തുക്കൾ എന്നിവ ആചാരപരമായി ഉപേക്ഷിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →