Tuesday, 11 August 2026
‘Honest storytelling is a powerful means of change
01:23:15 PM IST
Voices

റെമിറ്റൻസും റിവേഴ്സ് റെമിറ്റൻസും കേരളത്തിന്റെ തൊഴിൽവിപണിയും

മിനി മോഹൻ 4 July 2026, 2:41 pm
SHARE

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെടുന്ന വാക്കുകളിൽ ഒന്നാണ് “റെമിറ്റൻസ്”. അതുപോലെ സമീപകാലത്ത് രാഷ്ട്രീയവും മാധ്യമചർച്ചകളും നിറച്ച മറ്റൊരു പദമാണ് “റിവേഴ്സ് റെമിറ്റൻസ്”. സാമ്പത്തികശാസ്ത്രത്തിലെ ഒരു സാങ്കേതിക പദമെന്ന നിലയിൽ അല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രയോഗമെന്ന നിലയിലാണ് ഈ പദം കൂടുതൽ പ്രചാരത്തിലായത്. കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയക്കുന്ന പണത്തെ ചൂണ്ടിക്കാട്ടി, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വൻതോതിൽ സമ്പത്ത് ചോർന്നുപോകുന്നു എന്ന ആശങ്ക സൃഷ്ടിക്കുന്ന രീതിയിലാണ് ഈ വാദം അവതരിപ്പിക്കപ്പെട്ടത്. ഒരു സമൂഹത്തിൽ സാമ്പത്തിക കണക്കുകൾ രാഷ്ട്രീയ മുദ്രാവാക്യങ്ങളായി മാറുന്നത് പുതിയ കാര്യമല്ല. പക്ഷേ അങ്ങനെ സംഭവിക്കുമ്പോൾ യഥാർഥ സാമ്പത്തിക ചോദ്യങ്ങൾ പലപ്പോഴും പൊതുചർച്ചയിൽ നിന്ന് അപ്രത്യക്ഷമാകുന്നു. ഇന്ന് കേരളത്തിൽ സംഭവിക്കുന്നതും അതുതന്നെയാണ്.

ഒരു സമൂഹം സാമ്പത്തികമായി ആത്മവിശ്വാസം നഷ്ടപ്പെടുമ്പോൾ സ്വന്തം പരാജയങ്ങളുടെ കാരണങ്ങൾ പുറത്തു തേടാൻ തുടങ്ങും. തൊഴിലില്ലായ്മയുണ്ടെങ്കിൽ അതിന് കുടിയേറ്റക്കാരാണ് കാരണം, കൂലി കൂടിയാൽ അതിന് തൊഴിലാളികളാണ് കാരണം, സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിൽ പുറത്തേക്ക് പോകുന്ന പണമാണ് കാരണം എന്ന ലളിതവൽക്കരണം എളുപ്പത്തിൽ ജനപ്രീതി നേടും. എന്നാൽ സാമ്പത്തികശാസ്ത്രം അത്ര ലളിതമല്ല. ഓരോ പണപ്രവാഹത്തിനും അതിന്റെ മറുവശത്ത് ഉൽപ്പാദനവും അധ്വാനവും ഉപഭോഗവും നിക്ഷേപവും നികുതിയും ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹിക ഘടനകളും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഒരു കണക്കെടുത്ത് അതിനെ മാത്രം അടിസ്ഥാനമാക്കി ഒരു സമ്പദ്‌വ്യവസ്ഥയെ വിലയിരുത്തുന്നത് അപകടകരമാണ്.

കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഈ സംസ്ഥാനം അധ്വാനത്തിന്റെ കുടിയേറ്റ ചരിത്രമാണ്. മലബാറിൽ നിന്ന് ശ്രീലങ്കയിലേക്കും മലേഷ്യയിലേക്കും ബർമയിലേക്കും പോയ തൊഴിലാളികൾ, പിന്നീട് മുംബൈയിലേക്കും ഡൽഹിയിലേക്കും കൊൽക്കത്തയിലേക്കും കുടിയേറിയ മലയാളികൾ, തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് നടന്ന മഹത്തായ തൊഴിൽ കുടിയേറ്റം—ഇതെല്ലാം കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ ഭാഗമാണ്. സ്വന്തം നാടുവിട്ട് തൊഴിൽ തേടിപ്പോയ മനുഷ്യരുടെ അധ്വാനമാണ് കേരളത്തിന്റെ ആധുനിക സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ പാകിയത്. ആ ചരിത്രം മറന്നുകൊണ്ടാണ് ഇന്ന് മറ്റൊരു സംസ്ഥാനത്തിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ മനുഷ്യരെ ചിലപ്പോൾ സംശയത്തോടെ കാണുന്നത്.

ഗൾഫ് കുടിയേറ്റം കേരളത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ അസാധാരണമായിരുന്നു. വിദേശത്തുനിന്ന് വന്ന പണം വീടുകൾ പണിതു, കുട്ടികളെ പഠിപ്പിച്ചു, ആശുപത്രികൾ വളർത്തി, ബാങ്കുകളെ ശക്തിപ്പെടുത്തി, ഉപഭോഗ വിപണി വികസിപ്പിച്ചു. കേരളത്തിലെ ഗ്രാമങ്ങളിലെ സാമ്പത്തിക സജീവതയുടെ വലിയൊരു ഭാഗം പ്രവാസി മലയാളികൾ അയച്ച പണത്തിലൂടെയാണ് ഉണ്ടായത്. ആ പണം ഒരു കുടുംബത്തിന്റെ വരുമാനം മാത്രമായിരുന്നില്ല; കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ രക്തചംക്രമണമായിരുന്നു. ഇന്നും വിദേശ റെമിറ്റൻസ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ പ്രധാന തൂണുകളിലൊന്നാണ്.

പക്ഷേ അതേ സമയം മറ്റൊരു മാറ്റവും നിശ്ശബ്ദമായി സംഭവിക്കുകയായിരുന്നു. കേരളത്തിന്റെ തൊഴിൽ വിപണി മാറിത്തുടങ്ങി. വിദ്യാഭ്യാസം വ്യാപകമായി. ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളുടെ എണ്ണം വർധിച്ചു. വിദേശ കുടിയേറ്റം പുതിയ തലമുറയുടെ സ്വപ്നമായി. ജനസംഖ്യ വാർധക്യത്തിലേക്ക് നീങ്ങി. മാനുവൽ തൊഴിലുകളോടുള്ള സാമൂഹിക സമീപനത്തിലും വലിയ മാറ്റം വന്നു. ഒരു കാലത്ത് നാട്ടുകാർ ചെയ്തിരുന്ന പല ജോലികൾക്കും ആളെ കിട്ടാത്ത അവസ്ഥ രൂപപ്പെട്ടു. നിർമ്മാണ മേഖല മുതൽ കൃഷിവരെ, മത്സ്യബന്ധനം മുതൽ ഹോട്ടൽ വ്യവസായം വരെ, കേരളം തൊഴിലാളികളുടെ ക്ഷാമം അനുഭവിക്കാൻ തുടങ്ങി.

സാമ്പത്തികശാസ്ത്രത്തിൽ ഇത് അസാധാരണമായ സംഭവമല്ല. ഒരു സമ്പദ്‌വ്യവസ്ഥ വികസിക്കുമ്പോൾ തൊഴിൽഘടനയും മാറും. കൂടുതൽ വിദ്യാഭ്യാസം നേടിയ സമൂഹങ്ങൾ കുറഞ്ഞ വേതനമുള്ള ശാരീരിക അധ്വാന മേഖലകളിൽ നിന്ന് സേവനമേഖലയിലേക്കും സാങ്കേതിക മേഖലയിലേക്കും നീങ്ങും. അപ്പോൾ തൊഴിലാളികളുടെ കുറവ് അനുഭവപ്പെടുന്ന മേഖലകളിലേക്ക് കുടിയേറ്റ തൊഴിലാളികൾ എത്തും. അമേരിക്കയിലും കാനഡയിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലുമെല്ലാം പതിറ്റാണ്ടുകളായി നടക്കുന്ന പ്രക്രിയയാണിത്. കേരളം ഇന്ന് അതേ സാമ്പത്തിക യാഥാർഥ്യത്തിലൂടെയാണ് കടന്നുപോകുന്നത്.

അതിനാൽ ഒരു അടിസ്ഥാനചോദ്യം ചോദിക്കേണ്ടതുണ്ട്. അതിഥി തൊഴിലാളികൾ കേരളത്തിൽ വന്നതുകൊണ്ടാണോ തൊഴിൽവിപണിയിൽ മാറ്റം സംഭവിച്ചത്, അതോ കേരളത്തിന്റെ തൊഴിൽവിപണി മാറിയതുകൊണ്ടാണോ അതിഥി തൊഴിലാളികൾ വന്നത്? ഈ രണ്ട് ചോദ്യങ്ങളിലെ വ്യത്യാസം മനസ്സിലാക്കിയാൽ മുഴുവൻ വിവാദത്തിന്റെയും ദിശ മാറും. യാഥാർഥ്യം രണ്ടാമത്തേതാണ്. തൊഴിലാളികളെ ആവശ്യമുണ്ടായതുകൊണ്ടാണ് അവർ എത്തിയത്. അവരെ ആരും നിർബന്ധിച്ച് കൊണ്ടുവന്നതല്ല. തൊഴിലുടമകൾക്ക് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ് കുടിയേറ്റ തൊഴിലാളികൾക്ക് അവസരമൊരുക്കിയത്.

ഇവിടെയാണ് സാമ്പത്തിക ചർച്ച രാഷ്ട്രീയ മുദ്രാവാക്യമായി മാറുന്നത്. അതിഥി തൊഴിലാളികൾ സമ്പാദിക്കുന്ന പണം സ്വന്തം നാട്ടിലേക്ക് അയക്കുന്നു എന്നത് സത്യമാണ്. പക്ഷേ അവർ എന്തിന്റെ പ്രതിഫലമാണ് അയക്കുന്നത്? അവർ സൃഷ്ടിച്ച മൂല്യത്തിന്റെ ഒരു ഭാഗം മാത്രമാണ്. അവർ നിർമ്മിച്ച കെട്ടിടങ്ങളും പാലങ്ങളും വീടുകളും ഫാക്ടറികളും റോഡുകളും അവർ നൽകിയ സേവനങ്ങളും കേരളത്തിൽ തന്നെ അവശേഷിക്കുന്നു. അവരുടെ അധ്വാനത്തിലൂടെ സൃഷ്ടിക്കപ്പെട്ട സമ്പത്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകുന്നു. അപ്പോൾ അവരുടെ വേതനത്തിന്റെ ഒരു വിഹിതം സ്വന്തം കുടുംബങ്ങൾക്ക് അയക്കുന്നത് സാമ്പത്തിക നഷ്ടമായി മാത്രം ചിത്രീകരിക്കുന്നത് അധ്വാനത്തിന്റെ സാമ്പത്തികശാസ്ത്രത്തെ തന്നെ നിഷേധിക്കുന്നതാണ്.

ഒരു തൊഴിലാളി വേതനം വാങ്ങുമ്പോൾ അയാൾ തൊഴിലുടമയിൽ നിന്ന് ദാനം സ്വീകരിക്കുന്നില്ല. ഉൽപ്പാദനത്തിൽ സൃഷ്ടിച്ച മൂല്യത്തിന്റെ ഒരു വിഹിതമാണ് ലഭിക്കുന്നത്. ഈ അടിസ്ഥാന സാമ്പത്തിക സത്യം മറന്നുകൊണ്ടാണ് പല ചർച്ചകളും നടക്കുന്നത്. കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ വേതനം വാങ്ങുന്നില്ലായിരുന്നെങ്കിൽ അവർ കേരളത്തിൽ ജോലി ചെയ്യുമായിരുന്നില്ല. അവർ ജോലി ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിന്റെ നിർമ്മാണ മേഖലയോ കൃഷിയോ ഹോട്ടൽ വ്യവസായമോ ഇന്നുള്ള രീതിയിൽ പ്രവർത്തിക്കുമായിരുന്നോ എന്ന ചോദ്യവും അതോടൊപ്പം ഉയർത്തണം.

പലരും മറ്റൊരു കാര്യം മറക്കുന്നു. അതിഥി തൊഴിലാളികൾ സമ്പാദിക്കുന്ന മുഴുവൻ പണവും കേരളത്തിൽ നിന്ന് പുറത്തേക്ക് പോകുന്നില്ല. അവർ വാടക കൊടുക്കുന്നു. ഭക്ഷണം വാങ്ങുന്നു. പച്ചക്കറി വാങ്ങുന്നു. മൊബൈൽ റീചാർജ് ചെയ്യുന്നു. യാത്ര ചെയ്യുന്നു. ചികിത്സ തേടുന്നു. വസ്ത്രങ്ങൾ വാങ്ങുന്നു. പ്രാദേശിക വിപണിയിൽ സാധനങ്ങൾ വാങ്ങുന്നു. അവർ ചെലവഴിക്കുന്ന ഓരോ രൂപയും മറ്റൊരാളുടെ വരുമാനമായി മാറുന്നു. സാമ്പത്തികശാസ്ത്രത്തിൽ ഇതിനെ ഉപഭോഗ ഗുണിതഫലം എന്ന് വിളിക്കുന്നു. ഒരു തൊഴിലാളി ചെലവഴിക്കുന്ന പണം പലതവണ സമ്പദ്‌വ്യവസ്ഥയിൽ സഞ്ചരിച്ച് കൂടുതൽ വരുമാനവും തൊഴിലും സൃഷ്ടിക്കുന്നു. അതിനാൽ പുറത്തേക്ക് പോകുന്ന പണം മാത്രം കണക്കാക്കുകയും കേരളത്തിൽ തന്നെ നിലനിൽക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് ശാസ്ത്രീയമായ സമീപനമല്ല.

അതേസമയം കേരളത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് കൂടുതൽ ആശങ്കപ്പെടുത്തുന്ന ചില യാഥാർഥ്യങ്ങളുണ്ട്. വിദേശ വിദ്യാഭ്യാസത്തിനായി ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഓരോ വർഷവും രാജ്യത്തിന് പുറത്തേക്ക് പോകുന്നു. അവരുടെ ഫീസും താമസച്ചെലവും ജീവിതച്ചെലവും ഇന്ത്യൻ രൂപ വിദേശനാണ്യമായി മാറ്റിയാണ് നൽകുന്നത്. വിദേശത്ത് സ്ഥിരതാമസമാക്കുന്ന കുടുംബങ്ങൾ കേരളത്തിലെ ആസ്തികൾ വിറ്റ് നിയമാനുസൃതമായി വിദേശത്തേക്ക് മൂലധനം മാറ്റുന്നു. ഈ പ്രവണതകൾ കേരളത്തിന്റെ ദീർഘകാല മൂലധന ഘടനയിലും ജനസംഖ്യാ ഘടനയിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. എന്നാൽ അതിനെക്കുറിച്ച് പൊതുചർച്ചകൾ വളരെ കുറവാണ്. അതിന് പകരം ഏറ്റവും ദുർബലരായ തൊഴിലാളികളെ സാമ്പത്തിക പ്രശ്നങ്ങളുടെ പ്രതീകമാക്കുകയാണ് എളുപ്പം.

           കേരളത്തിന്റെ തൊഴിൽവിപണിയെ മനസ്സിലാക്കണമെങ്കിൽ ആദ്യം ഒരു അടിസ്ഥാന സത്യം അംഗീകരിക്കണം. ഒരു സമൂഹത്തിലും തൊഴിലാളികൾ വെറുതെ എത്തുന്നില്ല. തൊഴിൽ ആവശ്യകത (Labour Demand) ഉള്ളിടത്തേക്കാണ് തൊഴിലാളികൾ എത്തുന്നത്. വിപണിയിലെ മറ്റേതൊരു ഉൽപ്പന്നത്തെയും പോലെ തൊഴിലിനും ആവശ്യവും വിതരണവും തമ്മിലുള്ള ബന്ധമാണ് വിലയും ലഭ്യതയും നിർണയിക്കുന്നത്. കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ ലക്ഷക്കണക്കിന് എത്തിയെന്നത് അവരുടെ ശക്തിയുടെ തെളിവല്ല; കേരളത്തിന്റെ തൊഴിൽവിപണിയിലെ ഘടനാപരമായ മാറ്റത്തിന്റെ തെളിവാണ്. തൊഴിലാളികളെ ആവശ്യമുണ്ടായതുകൊണ്ടാണ് അവർ വന്നത്. അവർ വന്നതുകൊണ്ടല്ല ആവശ്യം ഉണ്ടായത്.

        കേരളത്തിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ ഈ യാഥാർഥ്യം കൂടുതൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വാർധക്യത്തിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജനനനിരക്ക് കുറഞ്ഞു. തൊഴിൽപ്രായത്തിലുള്ള ജനസംഖ്യയുടെ വളർച്ച മന്ദഗതിയിലായി. അതേസമയം ലക്ഷക്കണക്കിന് മലയാളികൾ വിദേശത്തേക്കും രാജ്യത്തെ മറ്റ് മഹാനഗരങ്ങളിലേക്കും കുടിയേറി. വിദ്യാഭ്യാസ നിലവാരം ഉയർന്നതോടെ തൊഴിൽ സംബന്ധിച്ച പ്രതീക്ഷകളും മാറി. സർക്കാർ ജോലി, ഐ.ടി., ആരോഗ്യമേഖല, ബാങ്കിംഗ്, വിദേശ തൊഴിൽ തുടങ്ങിയ മേഖലകളിലേക്കാണ് യുവാക്കളുടെ സ്വാഭാവിക പ്രവണത. ഈ സാഹചര്യത്തിൽ നിർമ്മാണം, കൃഷി, മത്സ്യബന്ധനം, ഹോട്ടൽ വ്യവസായം, ഗതാഗതം, വെയർഹൗസിംഗ്, ശുചീകരണം തുടങ്ങിയ മേഖലകളിൽ വലിയ തൊഴിലാളി ക്ഷാമം രൂപപ്പെട്ടു. ഈ ക്ഷാമം നികത്താനാണ് ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയത്.അതിനാൽ അതിഥി തൊഴിലാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഒരു “അധികഭാരം” അല്ല; ഒരു “അനിവാര്യത”യാണ്. ഇന്ന് അവർ ഒരു ദിവസം ജോലി നിർത്തിയാൽ എന്ത് സംഭവിക്കും എന്ന് സങ്കൽപ്പിച്ചാൽ മതി. നിർമ്മാണപ്രവർത്തനങ്ങൾ നിലയ്ക്കും. കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റുകൾ നിശ്ചലമാകും. മാർക്കറ്റുകളിൽ ചരക്ക് ഇറക്കാൻ ആളില്ലാതാകും. നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രവർത്തനം ചുരുക്കേണ്ടിവരും. കൃഷിയിടങ്ങളിൽ വിളവെടുപ്പ് വൈകും. നഗരങ്ങളിലെ അടിസ്ഥാന സേവനങ്ങൾ തടസ്സപ്പെടും. ഒരു ആധുനിക സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്നത് മൂലധനം മാത്രം അല്ല; മനുഷ്യരുടെ അധ്വാനവുമാണ് എന്ന സത്യം ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു.എന്നിട്ടും പൊതുചർച്ചകളിൽ ആവർത്തിക്കപ്പെടുന്നത് മറ്റൊരു കണക്കാണ്. അവർ എത്ര പണം സ്വന്തം നാട്ടിലേക്ക് അയക്കുന്നു എന്നത്. സാമ്പത്തികശാസ്ത്രത്തിൽ ഒരു കണക്കിന് അർത്ഥമുണ്ടാകണമെങ്കിൽ അതിന്റെ മറുവശത്തുള്ള കണക്കും കാണണം. ഒരു തൊഴിലാളി ഒരു ലക്ഷം രൂപ വേതനം വാങ്ങിയെങ്കിൽ അയാൾ അതിന് പകരമായി എത്ര മൂല്യം സൃഷ്ടിച്ചു എന്ന ചോദ്യവും ചോദിക്കണം. ഒരു നിർമ്മാണ തൊഴിലാളി ഒരു കെട്ടിടം നിർമ്മിക്കുമ്പോൾ ആ കെട്ടിടത്തിന്റെ സാമ്പത്തിക മൂല്യം അയാളുടെ വേതനത്തേക്കാൾ പലമടങ്ങ് കൂടുതലായിരിക്കും. ഒരു ഹോട്ടൽ ജീവനക്കാരൻ തന്റെ സേവനത്തിലൂടെ സൃഷ്ടിക്കുന്ന വരുമാനം അയാൾക്ക് ലഭിക്കുന്ന വേതനത്തേക്കാൾ കൂടുതലായിരിക്കും. ഒരു വ്യവസായത്തിൽ ജോലി ചെയ്യുന്ന തൊഴിലാളിയുടെ അധ്വാനമാണ് യന്ത്രങ്ങളെയും മൂലധനത്തെയും ഉൽപ്പാദനമാക്കി മാറ്റുന്നത്. അതുകൊണ്ടാണ് സാമ്പത്തികശാസ്ത്രത്തിൽ വേതനത്തെ ചെലവായി മാത്രം കാണാതെ ഉൽപ്പാദനത്തിന്റെ അനിവാര്യ ഘടകമായി കാണുന്നത്.ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള മറ്റൊരു തെറ്റിദ്ധാരണ, അവർ കേരളത്തിൽ നിന്ന് സമ്പാദിക്കുന്ന മുഴുവൻ പണവും സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയക്കുന്നു എന്നതാണ്. യാഥാർഥ്യം അതല്ല. അവർ കേരളത്തിൽ ജീവിക്കുന്നു. ഇവിടെ വാടക നൽകുന്നു. ഭക്ഷണം വാങ്ങുന്നു. വസ്ത്രങ്ങൾ വാങ്ങുന്നു. മൊബൈൽ സേവനങ്ങൾ ഉപയോഗിക്കുന്നു. ചികിത്സ തേടുന്നു. ഗതാഗത സേവനങ്ങൾ ഉപയോഗിക്കുന്നു. പ്രാദേശിക വിപണിയിൽ പണം ചെലവഴിക്കുന്നു. അവർ ചെലവഴിക്കുന്ന ഓരോ രൂപയും മറ്റൊരാളുടെ വരുമാനമാകുന്നു. ആ വരുമാനത്തിൽ നിന്ന് വീണ്ടും ഉപഭോഗം നടക്കുന്നു. അതാണ് സമ്പദ്‌വ്യവസ്ഥയിലെ ഗുണിതപ്രഭാവം. ഒരു രൂപ പലതവണ കൈമാറി കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ ഉപഭോഗം സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ നിർണായകമാണ്.കേരളത്തിലെ ചെറുകിട വ്യാപാരികൾക്ക് ഇതര സംസ്ഥാന തൊഴിലാളികൾ ഉപഭോക്താക്കളുമാണ്. വാടകവീടുകളുടെ ഉടമകൾക്ക് അവർ വാടകക്കാരാണ്. ചെറുകിട ഹോട്ടലുകൾക്ക് അവർ സ്ഥിരം ഉപഭോക്താക്കളാണ്. മൊബൈൽ കമ്പനികൾക്കും ഗതാഗത സ്ഥാപനങ്ങൾക്കും റീട്ടെയിൽ കടകൾക്കും അവർ വിപണിയാണ്. ഈ സാമ്പത്തിക യാഥാർഥ്യം മറച്ചുവച്ച് പുറത്തേക്ക് പോകുന്ന പണത്തിന്റെ കണക്ക് മാത്രം പറയുന്നത് ഒരു സമ്പദ്‌വ്യവസ്ഥയെ പകുതിമാത്രം വായിക്കുന്നതുപോലെയാണ്.അതേസമയം മറ്റൊരു ചോദ്യം നാം ഗൗരവമായി ചോദിക്കണം. കേരളത്തിൽ എന്തുകൊണ്ടാണ് മാനുവൽ തൊഴിലുകൾക്ക് വേണ്ടത്ര പ്രാദേശിക തൊഴിലാളികളെ ലഭിക്കാത്തത്? ഇത് വ്യക്തിപരമായ മടിയുടെ പ്രശ്നമല്ല. സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളുടെ ഫലമാണ്. അധ്വാനത്തെ ബഹുമാനിക്കുന്ന സംസ്കാരത്തിൽ നിന്ന് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളെ മാത്രം ബഹുമാനിക്കുന്ന സംസ്കാരത്തിലേക്കുള്ള മാറ്റം, തൊഴിൽവിദ്യാഭ്യാസത്തിന് ലഭിച്ച കുറഞ്ഞ പ്രാധാന്യം, വ്യാവസായിക പരിശീലനത്തിന്റെ ദൗർബല്യം, ഉൽപ്പാദനമേഖലയെക്കാൾ ഉപഭോഗമേഖലയ്ക്ക് നൽകിയ അമിത പ്രാധാന്യം എന്നിവയെല്ലാം ഈ പ്രതിസന്ധിക്ക് കാരണമായി. അതിനാൽ പ്രശ്നത്തിന്റെ വേരുകൾ സമൂഹത്തിനകത്താണ്. പരിഹാരവും അവിടെ തന്നെയായിരിക്കണം.ഇവിടെയാണ് ഒരു പഴമൊഴി ഓർമ്മ വരുന്നത്—അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ദേഷ്യം. നമ്മുടെ തൊഴിൽവിപണിയിലെ ദൗർബല്യങ്ങൾക്ക് കാരണം കണ്ടെത്തേണ്ടത് നമ്മുടെ നയങ്ങളിലും വിദ്യാഭ്യാസത്തിലും തൊഴിൽസംസ്കാരത്തിലുമാണ്. അതിന് പകരം അധ്വാനിക്കുന്ന മനുഷ്യരെ കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്. പക്ഷേ എളുപ്പമുള്ള വിശദീകരണങ്ങൾ പലപ്പോഴും ശരിയായ വിശദീകരണങ്ങളാകണമെന്നില്ല. കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക വെല്ലുവിളി അതിഥി തൊഴിലാളികൾ അല്ല; തൊഴിൽ സൃഷ്ടിക്കുന്ന മേഖലകളെ ശക്തിപ്പെടുത്തുന്നതിലും പ്രാദേശിക മനുഷ്യവിഭവശേഷിയെ ഉൽപ്പാദനത്തിലേക്ക് നയിക്കുന്നതിലും നാം പരാജയപ്പെട്ടതാണ്.

കേരളം ഇന്ന് ഒരു വഴിത്തിരിവിലാണ്. ഒരു വശത്ത് വിദേശ റെമിറ്റൻസിനെ ആശ്രയിച്ച ഉപഭോഗ സമ്പദ്‌വ്യവസ്ഥ. മറുവശത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ച ഉൽപ്പാദന സമ്പദ്‌വ്യവസ്ഥ. ഈ രണ്ടും പരസ്പരം വിരുദ്ധമല്ല; പരസ്പരം പൂരകങ്ങളാണ്. എന്നാൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഈ സങ്കീർണ യാഥാർഥ്യത്തെ വളരെ ലളിതമായ മുദ്രാവാക്യങ്ങളാക്കി മാറ്റുന്നു. അതാണ് ഏറ്റവും വലിയ അപകടം.

     ഇവിടെ മറ്റൊരു വലിയ വൈരുധ്യവും നാം കാണേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള മലയാളികൾ സ്വന്തം അധ്വാനത്തിന്റെ ഫലമായി കേരളത്തിലേക്ക് പണം അയക്കുമ്പോൾ അതിനെ നാം അഭിമാനത്തോടെ “പ്രവാസി റെമിറ്റൻസ്” എന്ന് വിളിക്കുന്നു. അത് കേരളത്തിന്റെ സാമ്പത്തിക ശക്തിയാണെന്ന് ആഘോഷിക്കുന്നു. അതേ സമയം കേരളത്തിൽ വന്ന് അധ്വാനിക്കുന്ന ബിഹാറിലെയോ അസമിലെയോ ഒഡീഷയിലെയോ പശ്ചിമ ബംഗാളിലെയോ തൊഴിലാളി സ്വന്തം കുടുംബത്തിന് പണം അയയ്ക്കുമ്പോൾ അതിനെ സാമ്പത്തിക ഭീഷണിയായി അവതരിപ്പിക്കുന്നു. ഈ രണ്ട് സമീപനങ്ങൾക്കിടയിലെ വൈരുധ്യം വെറും സാമ്പത്തിക പ്രശ്നമല്ല; അത് ഒരു ധാർമ്മിക ചോദ്യവുമാണ്. അധ്വാനം മലയാളിയുടേതാണെങ്കിൽ അത് വികസനമാണ്; മറ്റൊരാളുടേതാണെങ്കിൽ അത് ഭീഷണിയാണോ? ഈ ചോദ്യം നമ്മൾ സ്വയം ചോദിക്കേണ്ട സമയമാണിത്.ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെക്കുറിച്ച് അവിടുത്തെ സമൂഹങ്ങൾ ഇതേ ഭാഷ ഉപയോഗിച്ചിരുന്നുവെങ്കിൽ എന്താകുമായിരുന്നു നമ്മുടെ പ്രതികരണം? “ഇന്ത്യക്കാർ ഇവിടെ സമ്പാദിക്കുന്ന പണം മുഴുവൻ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുകയാണ്; ഇത് ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാണ്” എന്ന് ഗൾഫ് രാജ്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ അതിനെ നാം നീതിയുക്തമായ വാദമായി അംഗീകരിക്കുമായിരുന്നോ? ഒരിക്കലുമില്ല. കാരണം അവിടെ നമുക്ക് അറിയാം, മലയാളികൾ അവരുടെ അധ്വാനത്തിലൂടെയാണ് ആ വരുമാനം നേടുന്നത് എന്ന്. അതേ നീതിബോധം കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും ബാധകമാണ്.കുടിയേറ്റത്തെക്കുറിച്ചുള്ള ലോകാനുഭവം മറ്റൊന്നുകൂടി പഠിപ്പിക്കുന്നു. ചരിത്രത്തിൽ സാമ്പത്തികമായി മുന്നേറിയ എല്ലാ സമൂഹങ്ങളും ഏതെങ്കിലും ഘട്ടത്തിൽ കുടിയേറ്റ തൊഴിലാളികളെ ആശ്രയിച്ചിട്ടുണ്ട്. അമേരിക്കയുടെ വ്യവസായവൽക്കരണം യൂറോപ്യൻ കുടിയേറ്റക്കാരുടെ അധ്വാനമില്ലാതെ സാധ്യമായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനിയുടെ പുനർനിർമാണത്തിൽ തുർക്കിയിൽ നിന്നുള്ള “ഗാസ്റ്റാർബൈറ്റർ” തൊഴിലാളികൾ നിർണായക പങ്കുവഹിച്ചു. ഗൾഫ് രാജ്യങ്ങളുടെ ആധുനിക നഗരങ്ങൾ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പീൻസ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വിയർപ്പുകൊണ്ടാണ് ഉയർന്നത്. ഇന്ന് കേരളവും സമാനമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് അസാധാരണമായ ഒരു പ്രതിഭാസമല്ല; ആഗോള തൊഴിൽവിപണിയുടെ സ്വാഭാവിക പരിണാമമാണ്.അതുകൊണ്ട് “പണം പുറത്തേക്ക് പോകുന്നു” എന്ന ഒറ്റവരി വിശകലനം സാമ്പത്തികശാസ്ത്രത്തിന്റെ നിലവാരം പോലും തൊടുന്നില്ല. സമ്പദ്‌വ്യവസ്ഥയിൽ പ്രധാനപ്പെട്ടത് പണം എവിടേക്ക് പോകുന്നു എന്നത് മാത്രമല്ല; അത് എങ്ങനെ സമ്പാദിക്കപ്പെട്ടു, എന്ത് മൂല്യം സൃഷ്ടിച്ചു, അതിലൂടെ എത്ര ഉൽപ്പാദനവും ഉപഭോഗവും നിക്ഷേപവും ഉണ്ടായി എന്നതുമാണ്. ഒരു തൊഴിലാളി പത്ത് രൂപ സമ്പാദിച്ചാൽ ആ പത്ത് രൂപയ്ക്ക് പിന്നിൽ ഇരുപത് രൂപയുടെ ഉൽപ്പാദനം ഉണ്ടായിരിക്കാം. അതിനാൽ പുറത്തേക്ക് പോകുന്ന പത്ത് രൂപ മാത്രം നോക്കി വിലയിരുത്തുന്നത് സമ്പദ്‌വ്യവസ്ഥയുടെ പകുതി മാത്രം കാണുന്നതിന് തുല്യമാണ്.കേരളം ഇന്ന് നേരിടുന്ന യഥാർത്ഥ സാമ്പത്തിക വെല്ലുവിളികൾ മറ്റെവിടെയോ ആണ്. വിദേശത്തേക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം അതിവേഗം ഉയരുകയാണ്. പഠനഫീസും ജീവിതച്ചെലവും താമസച്ചെലവും ഉൾപ്പെടെ ആയിരക്കണക്കിന് കോടി രൂപ ഓരോ വർഷവും വിദേശത്തേക്ക് ഒഴുകുന്നു. വിദേശത്ത് സ്ഥിരതാമസമാക്കുന്ന കുടുംബങ്ങൾ കേരളത്തിലെ വീടുകളും ഭൂമിയും മറ്റ് ആസ്തികളും വിറ്റ് വിദേശത്തേക്ക് മൂലധനം മാറ്റുന്നു. യുവജനങ്ങളുടെ സ്ഥിരമായ പുറത്തേക്കുള്ള കുടിയേറ്റം സംസ്ഥാനത്തിന്റെ മനുഷ്യവിഭവശേഷിയെ തന്നെ മാറ്റിമറിക്കുന്നു. ജനസംഖ്യ വാർധക്യത്തിലേക്ക് നീങ്ങുന്നു. ഉൽപ്പാദനപ്രായത്തിലുള്ള ജനസംഖ്യയുടെ അനുപാതം കുറയുന്നു. ഇവയാണ് ദീർഘകാല സാമ്പത്തിക നയരൂപീകരണത്തിൽ ഏറ്റവും ഗൗരവമായി പഠിക്കേണ്ട വിഷയങ്ങൾ.മറ്റൊരു യാഥാർഥ്യവും നാം മറക്കരുത്. കേരളത്തിന്റെ വികസന മാതൃക പതിറ്റാണ്ടുകളായി ഉപഭോഗത്തെ കേന്ദ്രീകരിച്ചായിരുന്നു. പ്രവാസി പണത്തിന്റെ വലിയൊരു പങ്ക് വീടുകൾ, ഭൂമി, സ്വകാര്യ വിദ്യാഭ്യാസം, ആരോഗ്യം, ആഭരണങ്ങൾ, ഉപഭോഗം എന്നിവയിലേക്കാണ് പോയത്. ഉൽപ്പാദനമേഖലകളിലേക്കും തൊഴിൽസൃഷ്ടിക്കുന്ന വ്യവസായങ്ങളിലേക്കും താരതമ്യേന കുറവാണ് നിക്ഷേപം നടന്നത്. അതിന്റെ ഫലമായി ഉപഭോഗം വർധിച്ചെങ്കിലും ഉൽപ്പാദന മേഖലകളിലെ തൊഴിൽ ക്ഷാമം കൂടുതൽ രൂക്ഷമായി. ഇന്ന് അതിഥി തൊഴിലാളികൾ ആ വിടവ് നികത്തുകയാണ്. അതിനാൽ അവർ പ്രശ്നത്തിന്റെ കാരണമല്ല; നമ്മുടെ വികസന മാതൃക സൃഷ്ടിച്ച വിടവിന്റെ പരിണതഫലമാണ്.ഈ യാഥാർഥ്യം അംഗീകരിക്കാതെ അതിഥി തൊഴിലാളികളെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമാക്കുന്നത് അപകടകരമായ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. സാമ്പത്തിക അസ്വസ്ഥതകൾ പലപ്പോഴും ഏറ്റവും ദുർബലരായ വിഭാഗങ്ങളിലേക്ക് കുറ്റം ചുമത്തുന്ന പ്രവണത ലോകചരിത്രത്തിൽ പലതവണ കണ്ടിട്ടുണ്ട്. തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധികൾക്കും കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയം പല രാജ്യങ്ങളിലും സാമൂഹിക സംഘർഷങ്ങൾക്കും വിദ്വേഷത്തിനും വഴിവെച്ചിട്ടുണ്ട്. കേരളം ആ വഴിയിലേക്ക് പോകരുത്. കാരണം കേരളത്തിന്റെ സ്വന്തം ചരിത്രം തന്നെ കുടിയേറ്റത്തിന്റെ ചരിത്രമാണ്. തൊഴിൽ തേടി ലോകമെമ്പാടും സഞ്ചരിച്ച ഒരു ജനതയ്ക്ക് കുടിയേറ്റ തൊഴിലാളിയുടെ വേദന മനസ്സിലാക്കാൻ കഴിയണം.കേരളത്തിന് ഇന്ന് വേണ്ടത് പുതിയൊരു തൊഴിൽ സാമൂഹിക കരാറാണ്. അധ്വാനിക്കുന്ന ഓരോ മനുഷ്യനും അദ്ദേഹം മലയാളിയാണോ ബിഹാറുകാരനാണോ ഒഡീഷക്കാരനാണോ എന്നത് നോക്കാതെ അന്തസ്സുള്ള തൊഴിൽ സാഹചര്യവും ന്യായമായ വേതനവും സാമൂഹിക സുരക്ഷയും ലഭിക്കണം. അതോടൊപ്പം കേരളത്തിലെ യുവാക്കൾക്ക് തൊഴിൽനൈപുണ്യവും വ്യാവസായിക പരിശീലനവും സംരംഭകത്വവും നൽകുന്ന നയങ്ങൾ ശക്തിപ്പെടുത്തണം. ഉൽപ്പാദനമേഖലയെ വികസിപ്പിക്കണം. അധ്വാനത്തെ ബഹുമാനിക്കുന്ന ഒരു പുതിയ സാമൂഹിക സംസ്കാരം രൂപപ്പെടുത്തണം. അതാണ് ദീർഘകാല പരിഹാരം; മുദ്രാവാക്യങ്ങൾ അല്ല.കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഏത് ചർച്ചയും ഒടുവിൽ ഒരു അടിസ്ഥാന സത്യത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. സമ്പത്ത് സൃഷ്ടിക്കുന്നത് പണം മാത്രമല്ല; മനുഷ്യരുടെ അധ്വാനമാണ്. അധ്വാനമില്ലാതെ മൂലധനം നിശ്ചലമാണ്. അധ്വാനമില്ലാതെ യന്ത്രങ്ങൾ പ്രവർത്തിക്കില്ല. അധ്വാനമില്ലാതെ നഗരങ്ങൾ ഉയരുകയില്ല. അതുകൊണ്ട് അധ്വാനിക്കുന്ന മനുഷ്യനെ സംശയത്തിന്റെ കണ്ണിലൂടെ കാണുന്ന സമൂഹങ്ങൾ ഒടുവിൽ സ്വന്തം വികസനത്തെ തന്നെയാണ് സംശയിക്കുന്നത്.കേരളം ഇന്ന് തിരഞ്ഞെടുക്കേണ്ടത് രണ്ട് വഴികളിൽ ഒന്നാണ്. ഒന്നാമത്തേത്, സ്വന്തം തൊഴിൽവിപണിയിലെ ഘടനാപരമായ ദൗർബല്യങ്ങൾ മറച്ചുവെക്കാൻ അതിഥി തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന എളുപ്പവഴി. രണ്ടാമത്തേത്, യാഥാർഥ്യത്തെ സത്യസന്ധമായി അംഗീകരിച്ച് വിദ്യാഭ്യാസവും തൊഴിൽനയവും വ്യവസായ നിക്ഷേപവും മനുഷ്യവിഭവ വികസനവും പുതുക്കിപ്പണിയുന്ന പ്രയാസമുള്ള വഴി. ചരിത്രം തെളിയിക്കുന്നത്, ദീർഘകാല വികസനം എല്ലായ്പ്പോഴും രണ്ടാമത്തെ വഴിയിലൂടെയാണ് വന്നിട്ടുള്ളത്.അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ദേഷ്യപ്പെട്ടാൽ അങ്ങാടി ജയിക്കാൻ കഴിയില്ല. കേരളത്തിന്റെ തൊഴിൽവിപണിയിലെ കഴിവുകേടിനും വികസന മാതൃകയിലെ അപാകതകൾക്കും ഉത്തരവാദികൾ അധ്വാനിക്കുന്ന അതിഥി തൊഴിലാളികളല്ല. അവർ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ ശൂന്യത നിറയ്ക്കാൻ എത്തിയ മനുഷ്യരാണ്. അവരെ കുറ്റപ്പെടുത്തുന്നത് നമ്മുടെ സ്വന്തം പരാജയങ്ങളിൽ നിന്ന് കണ്ണടയ്ക്കുക മാത്രമാണ്. കേരളം മുന്നോട്ട് പോകണമെങ്കിൽ അധ്വാനത്തെ ആദരിക്കണം, തൊഴിലാളിയെ ബഹുമാനിക്കണം, സാമ്പത്തികശാസ്ത്രത്തെ രാഷ്ട്രീയ മുദ്രാവാക്യങ്ങളിൽ നിന്ന് മോചിപ്പിക്കണം. അതാണ് ഒരു പക്വമായ സമൂഹത്തിന്റെ അടയാളം; അതാണ് വികസനത്തിന്റെ യഥാർത്ഥ രാഷ്ട്രീയം.

      പക്ഷേ ഈ ചർച്ചയെ ഇവിടെ അവസാനിപ്പിച്ചാൽ കേരളത്തിന്റെ സാമ്പത്തിക യാഥാർഥ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വശം നാം കാണാതെ പോകും. കാരണം ഇന്ന് കേരളം അഭിമുഖീകരിക്കുന്നത് വെറും തൊഴിലാളി ക്ഷാമമല്ല; മനുഷ്യവിഭവശേഷിയുടെ ഒരു വലിയ പുനഃക്രമീകരണമാണ്. ഒരു വശത്ത് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം പഴയ രൂപം മാറുകയാണ്. മറുവശത്ത് യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ, ബ്രിട്ടൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികളായും നൈപുണ്യമുള്ള തൊഴിലാളികളായും യുവാക്കൾ വലിയ തോതിൽ പോകുന്നു. ഇത് സാധാരണ തൊഴിൽ കുടിയേറ്റമല്ല; സംസ്ഥാനത്തിന്റെ ഭാവി ഉൽപ്പാദനശേഷിയെ തന്നെ ബാധിക്കുന്ന മനുഷ്യ മൂലധനത്തിന്റെ (Human Capital) പുനർവിതരണമാണ്.

കേരളത്തിലെ ഏറ്റവും മികച്ച എഞ്ചിനീയർമാരും നഴ്സുമാരും ഡോക്ടർമാരും ഐ.ടി. വിദഗ്ധരും ഗവേഷകരും വിദേശ സർവകലാശാലകളിലേക്കും തൊഴിൽ വിപണികളിലേക്കും പോകുന്നു. ഇത് വ്യക്തിപരമായി മികച്ച അവസരമാണെങ്കിലും, സമൂഹം എന്ന നിലയിൽ നോക്കുമ്പോൾ വലിയൊരു സാമ്പത്തിക ചോദ്യവും ഉയർത്തുന്നു. ഇവരുടെ വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുടുംബങ്ങളും സർക്കാരും ചെലവഴിച്ച വിഭവങ്ങൾ ഒടുവിൽ മറ്റൊരു രാജ്യത്തിന്റെ ഉൽപ്പാദന ശേഷിയായി മാറുകയാണ്. ഈ പ്രതിഭാ കുടിയേറ്റത്തിന്റെ സാമ്പത്തിക ആഘാതത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കേണ്ട സമയമാണിത്. എന്നാൽ പൊതുചർച്ചകളിൽ അതിന് പകരം ഏറ്റവും താഴെ നിൽക്കുന്ന നിർമ്മാണ തൊഴിലാളിയാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്. ഈ വൈരുധ്യം കേരളത്തിന്റെ പൊതുസാമ്പത്തിക ചർച്ചകളുടെ ദൗർബല്യമാണ്.

ഇതോടൊപ്പം മറ്റൊരു ആശങ്കയും വളരുകയാണ്. വിദേശ വിദ്യാഭ്യാസത്തിനും സ്ഥിരതാമസ കുടിയേറ്റത്തിനുമായി കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോകുന്ന സ്വകാര്യ മൂലധനത്തിന്റെ അളവ് വർഷംതോറും വർധിക്കുന്നു. കുടുംബങ്ങൾ വീടും സ്ഥലവും വിൽക്കുന്നു, സമ്പാദ്യം വിദേശത്തേക്ക് മാറ്റുന്നു, കുട്ടികളുടെ ഭാവി കേരളത്തിന് പുറത്താണ് നിർമ്മിക്കുന്നത്. ദീർഘകാലത്ത് ഇത് കേരളത്തിന്റെ ഉപഭോഗ രീതിയെയും നിക്ഷേപ ഘടനയെയും ജനസംഖ്യാപരമായ സന്തുലിതാവസ്ഥയെയും ബാധിക്കും. ഇതാണ് യഥാർത്ഥ നയപരമായ ചർച്ചയുടെ വിഷയം. അതിന് പകരം അതിഥി തൊഴിലാളികളുടെ വേതനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കേന്ദ്രമാക്കുന്നത് യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന ഒരു എളുപ്പവഴിയാണ്.

സാമ്പത്തികശാസ്ത്രം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്: ഒരു സമൂഹത്തിന്റെ സമ്പത്ത് അതിന്റെ ഖനികളിലോ ബാങ്കുകളിലോ കെട്ടിടങ്ങളിലോ അല്ല; മനുഷ്യരുടെ കഴിവിലും അധ്വാനത്തിലുമാണ്. അതുകൊണ്ടാണ് മനുഷ്യവിഭവശേഷിയെ ഏറ്റവും വലിയ മൂലധനമായി ആധുനിക സാമ്പത്തികശാസ്ത്രം കാണുന്നത്. കേരളത്തിന്റെ ഏറ്റവും വലിയ നിക്ഷേപം അതിന്റെ മനുഷ്യരാണ്. എന്നാൽ ആ മനുഷ്യരിൽ ഒരു വിഭാഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുന്നു; മറ്റൊരു വിഭാഗം കേരളത്തിലെത്തുന്നു. ഈ രണ്ട് കുടിയേറ്റങ്ങളെയും ഒരുമിച്ച് കാണാതെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മനസ്സിലാക്കാനാവില്ല.

ഇവിടെ ഒരു നൈതിക ചോദ്യവും ഉയരുന്നു. ലോകമെമ്പാടും തൊഴിൽ തേടി സഞ്ചരിച്ച മലയാളി സമൂഹം ഇന്ന് സ്വന്തം നാട്ടിലെത്തിയ കുടിയേറ്റ തൊഴിലാളികളെ എങ്ങനെ കാണണം? സ്വന്തം അധ്വാനത്തിന് മാന്യതയും സുരക്ഷയും തുല്യവേതനവും ആഗ്രഹിച്ച ഒരു ജനത, മറ്റൊരാളുടെ അധ്വാനത്തെയും അതേ ബഹുമാനത്തോടെ അംഗീകരിക്കേണ്ട ഉത്തരവാദിത്തമില്ലേ? സാമ്പത്തികശാസ്ത്രം മാത്രമല്ല, സാമൂഹിക നീതിയും ഇതേ ഉത്തരമാണ് നൽകുന്നത്.

അതുകൊണ്ട് കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള ഭാവി ചർച്ചകൾക്ക് ചില അടിസ്ഥാന ചോദ്യങ്ങൾ മുന്നിലുണ്ടാകണം. അധ്വാനത്തെ ബഹുമാനിക്കുന്ന തൊഴിൽ സംസ്കാരം എങ്ങനെ വളർത്താം? തൊഴിൽവിദ്യാഭ്യാസവും നൈപുണ്യ വികസനവും എങ്ങനെ ശക്തിപ്പെടുത്താം? നിർമ്മാണവും ഉൽപ്പാദനവും കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതമാക്കാൻ എന്ത് നിക്ഷേപങ്ങളാണ് വേണ്ടത്? വിദേശത്തേക്ക് പോകുന്ന മനുഷ്യ മൂലധനവുമായി കേരളം എങ്ങനെ ദീർഘകാല ബന്ധം നിലനിർത്തും? വിദേശ വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്ന വൻതോതിലുള്ള സ്വകാര്യ മൂലധനത്തിന്റെ ആഘാതം എങ്ങനെ കുറയ്ക്കാം? ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ “അവർ പണം കൊണ്ടുപോകുന്നു” എന്ന ഒരു വാചകം ആവർത്തിക്കുന്നതുകൊണ്ട് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മനസ്സിലാക്കാൻ കഴിയില്ല.

കേരളത്തിന്റെ ചരിത്രം പറയുന്നത് കുടിയേറ്റം ഒരു പ്രതിസന്ധിയല്ല, അവസരവുമാകാം എന്നതാണ്. ഒരുകാലത്ത് പ്രവാസി മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധ്വാനിച്ച് കേരളത്തെ മാറ്റിമറിച്ചു. ഇന്ന് അതിഥി തൊഴിലാളികൾ കേരളത്തിൽ അധ്വാനിച്ച് നമ്മുടെ ഉൽപ്പാദന സമ്പദ്‌വ്യവസ്ഥയെ നിലനിർത്തുന്നു. നാളെയാകട്ടെ കേരളത്തിലെ യുവാക്കൾ പുതിയ സാങ്കേതികവിദ്യകളും പുതിയ വ്യവസായങ്ങളും പുതിയ സംരംഭങ്ങളും സൃഷ്ടിച്ച് മറ്റൊരു വികസന മാതൃക പണിയേണ്ടിവരും. ഈ മൂന്ന് യാഥാർഥ്യങ്ങളെയും ഒരുമിച്ച് കാണാൻ കഴിയുമ്പോഴാണ് കേരളത്തിന്റെ സാമ്പത്തിക ഭാവി വ്യക്തമായി മനസ്സിലാകുന്നത്.

അതുകൊണ്ട് “റിവേഴ്സ് റെമിറ്റൻസ്” എന്ന രാഷ്ട്രീയ മുദ്രാവാക്യത്തെക്കാൾ കേരളത്തിന് ഇന്ന് ആവശ്യമുള്ളത് “റിവേഴ്സ് തിങ്കിംഗ്” ആണ്. പ്രശ്നത്തിന്റെ കാരണം പുറത്തല്ല, നമ്മുടെ വികസന മാതൃകയ്ക്കകത്താണെന്ന് തിരിച്ചറിയാനുള്ള ചിന്ത. തൊഴിലാളിയെ കുറ്റപ്പെടുത്തുന്നതിന് പകരം തൊഴിൽവിപണിയെ പരിഷ്കരിക്കാനുള്ള ചിന്ത. അധ്വാനത്തെ താഴ്ത്തിക്കാണിക്കുന്ന സംസ്കാരത്തിൽ നിന്ന് അധ്വാനത്തെ ആദരിക്കുന്ന സമൂഹത്തിലേക്കുള്ള മാറ്റത്തിന്റെ ചിന്ത. സാമ്പത്തിക കണക്കുകളെ വിഭജനത്തിന്റെ ആയുധമാക്കാതെ പരിഷ്കാരത്തിന്റെ ഉപകരണമാക്കുന്ന ചിന്ത.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ദേഷ്യപ്പെടുന്നത് എളുപ്പമാണ്. എന്നാൽ അങ്ങനെ ചെയ്താൽ അടുത്ത അങ്ങാടിയിലും തോൽവി ഉറപ്പാണ്. കേരളത്തിന്റെ സാമ്പത്തിക ഭാവി സുരക്ഷിതമാകണമെങ്കിൽ നമ്മുടെ പരാജയങ്ങളുടെ യഥാർത്ഥ കാരണങ്ങൾ തിരിച്ചറിയണം. അതിഥി തൊഴിലാളികൾ നമ്മുടെ പ്രശ്നമല്ല; അവർ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ അനിവാര്യ പങ്കാളികളാണ്. യഥാർത്ഥ വെല്ലുവിളി നമ്മുടെ തൊഴിൽവിപണിയുടെ ഘടനാപരമായ ദൗർബല്യവും, മനുഷ്യവിഭവശേഷിയുടെ തുടർച്ചയായ പുറത്തേക്കുള്ള ഒഴുക്കും, ഉൽപ്പാദനമേഖലയേക്കാൾ ഉപഭോഗത്തെ പ്രോത്സാഹിപ്പിച്ച വികസന മാതൃകയുമാണ്. ഈ സത്യങ്ങൾ അംഗീകരിക്കുന്ന നിമിഷം മുതൽ മാത്രമേ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ വികാരങ്ങളിൽ നിന്ന് വസ്തുതകളിലേക്കും, മുദ്രാവാക്യങ്ങളിൽ നിന്ന് നയങ്ങളിലേക്കും, കുറ്റപ്പെടുത്തലുകളിൽ നിന്ന് പരിഹാരങ്ങളിലേക്കും സഞ്ചരിക്കാൻ തുടങ്ങൂ.

Read More
s
മിനി മോഹൻ
View all posts →