വിദ്യാർത്ഥി പ്രക്ഷോഭം: SIT അന്വേഷണത്തിന് സുപ്രീം കോടതി; കസ്റ്റഡിയിലുള്ളവരെ വിട്ടയക്കാൻ കർശന നിർദേശം
രാജ്യത്ത് അടുത്തിടെ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കാൻ സാധ്യതയുണ്ടെന്ന് സുപ്രീം കോടതി സൂചന നൽകി. ഇടക്കാല ആശ്വാസമെന്ന നിലയിൽ, ക്രിമിനൽ പശ്ചാത്തലമില്ലാത്തവരും കസ്റ്റഡിയിലോ അറസ്റ്റിലോ കഴിയുന്നവരുമായ മുഴുവൻ വിദ്യാർത്ഥികളെയും ഉടനടി വിട്ടയക്കാനും കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കും മറ്റ് ക്രമക്കേടുകൾക്കുമെതിരെ ജൂലൈ 20 മുതൽ നടന്ന പ്രതിഷേധങ്ങൾക്കിടെ വിദ്യാർത്ഥികൾക്ക് നേരെ കടുത്ത പോലീസ് അതിക്രമം ഉണ്ടായെന്ന് ആരോപിക്കുന്ന ഹർജികളാണ് കോടതി പരിഗണിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും വേണ്ടി സമർപ്പിച്ച ഹർജികളും കോടതിയുടെ മുന്നിലുണ്ട്.
സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ച ബെഞ്ച്, കേന്ദ്ര സർക്കാരിനും ഡൽഹി, കേരളം, അസം, ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു.
ഡിജിറ്റൽ സ്വകാര്യതയിലും തെളിവ് സംരക്ഷണത്തിലും കർശന നിർദേശങ്ങൾ
പ്രതിഷേധക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിലെ ആശങ്കകൾ കണക്കിലെടുത്ത്, വിദ്യാർത്ഥികളുടെ വ്യക്തിപരവും ഡിജിറ്റലുമായ ഡാറ്റ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി കർശന നിർദേശം നൽകി. പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യരുത്.
കൂടാതെ, പ്രതിഷേധവുമായി ബന്ധപ്പെട്ട സുപ്രധാന ഇലക്ട്രോണിക് തെളിവുകൾ സംരക്ഷിക്കാനും ബെഞ്ച് അധികാരികൾക്ക് നിർദേശം നൽകി. സിസിടിവി ദൃശ്യങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, ബോഡി വെയർ ക്യാമറ ദൃശ്യങ്ങൾ, വയർലെസ് കമ്മ്യൂണിക്കേഷൻ, പോലീസ് കൺട്രോൾ റൂം (PCR) ലോഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥികൾക്കെതിരെ യാതൊരുവിധത്തിലുള്ള നിർബന്ധിത നടപടികളും (Coercive steps) പാടില്ലെന്നും കോടതി കർശനമായി വിലക്കി.
പ്രായപൂർത്തിയാകാത്തവരെ വിട്ടയക്കാനാണ് കോടതി ആദ്യം ഉത്തരവിട്ടതെങ്കിലും, കസ്റ്റഡിയിലുള്ളവരിൽ പലരും 19–20 പ്രായപരിധിയിലുള്ളവരാണെന്ന് മുതിർന്ന അഭിഭാഷകൻ ഷാദൻ ഫറസാത്ത് ചൂണ്ടിക്കാട്ടിയതോടെ ഉത്തരവിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ക്രിമിനൽ പശ്ചാത്തലമില്ലാത്ത എല്ലാ വിദ്യാർത്ഥികളെയും ഉടനടി വിട്ടയക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി.
കോടതിമുറിയിലെ വാദങ്ങൾ വാദത്തിനിടെ, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ വിവരങ്ങൾ ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഷോക്ക് ബാറ്റണുകൾ, പെല്ലറ്റ് തോക്കുകൾ എന്നിവയുടെ ഉപയോഗവും മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ നടത്തിയ അക്രമങ്ങളും മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കണ്ണീർ വാതകമോ ലാത്തിയോ പ്രയോഗിക്കുന്നതിന് മുൻപ് ലൗഡ് സ്പീക്കറുകൾ, ജലപീരങ്കി എന്നിവ ഉപയോഗിക്കണമെന്ന ആൾക്കൂട്ടത്തെ പിരിച്ചുവിടുന്നതിനുള്ള മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം വാദിച്ചു.
വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളുടെ ഗൗരവം അംഗീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, എന്നാൽ ഏകദേശം 250-ഓളം പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായി ചൂണ്ടിക്കാട്ടി. സമാധാനപരമായ പ്രതിഷേധത്തിലേക്ക് സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറിയിരിക്കാമെന്ന് സൂചിപ്പിച്ച മേത്ത, വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്താനുള്ള കോടതിയുടെ നിർദേശത്തെ സ്വാഗതം ചെയ്തു.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും, ഏത് ഭാഗത്ത് നിന്നുള്ള അക്രമവും അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഊന്നിപ്പറഞ്ഞു. “ആരാണ് അതിക്രമം കാട്ടിയതെങ്കിലും, നിരപരാധികളോട് ക്രൂരത കാണിച്ചതെങ്കിലും നിയമം അവരെ നേരിടും. അതിനായി പൂർണ്ണമായും സ്വതന്ത്രവും നീതിയുക്തവുമായ ഒരു അന്വേഷണം ആവശ്യമാണ്,” ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് ഓഗസ്റ്റ് 3 ന് വീണ്ടും പരിഗണിക്കും.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന