Wednesday, 19 August 2026
‘Honest storytelling is a powerful means of change
12:58:41 PM IST
Celebrity Talk

‘പണ്ട് പേളി മാണി ഒതുക്കി മൂലയിൽ ഇരുത്തിയ മെറീന മൈക്കളിനെ ഓർമയുണ്ടോ? അവരിപ്പോൾ രംഗത്തെത്തിയിട്ടുണ്ട്’; രഞ്ജിനി ഹരിദാസ് നേരത്തെ പറഞ്ഞിരുന്നു പേളി മാണി ഫേക്ക് ആണെന്ന്; ആലപ്പി അഷ്റഫ്

SHARE

ഡൽഹിയിലെ ജന്തർ മന്തറിലെ സിജെപി സമരവുമായി ബന്ധപ്പെട്ട അനുകൂലവും വിമർശനാത്മകവുമായ പ്രമുഖ താരങ്ങളുടെ പ്രസ്താവനകൾ ചർച്ചയായിരുന്നു. അതിൽ എടുത്ത് പറയേണ്ടത് പേളി മാണിയുടെ പോസ്റ്റ് തന്നെ ആയിരുന്നു. ആ ഒരു ഒറ്റ പോസ്റ്റ് കൊണ്ട് പേളി മാണിക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെയാണ് സോഷ്യൽ മീഡിയയിൽ നഷ്ടമായത്. വിദ്യാർത്ഥി പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞും മുതിർന്ന സംവിധായകൻ സിബി മലയിലിനെ അധിക്ഷേപിച്ചുമായിരുന്നു പേളി മാണിയുടെ പോസ്റ്റ്. എന്നാൽ അതിൽ ക്ലാരിഫിക്കേഷനുമായി പേളി മാണി രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ പേളി മാണിക്കെതിരെ സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

വിദ്യാർഥി പ്രക്ഷോഭത്തെ തള്ളിപ്പറയുകയും മുതിർന്ന സംവിധായകൻ സിബി മലയിലിനെ അധിക്ഷേപിക്കുകയും ചെയ്‌ത പേളി മാണിക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നഷ്‌ടമായതും, മുൻപ് നടി മെറീന മൈക്കിളിനോട് കാണിച്ച അനീതി പുറത്തുവന്നതും അഹങ്കാരത്തിനുള്ള ‘കർമ’യുടെ തിരിച്ചടിയാണെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. കാര്യസാധ്യത്തിനു വേണ്ടി നിലപാടുകൾ മാറ്റിപ്പറയുന്ന പേളി മാണി ഒരു ‘ഫേക്ക് പേഴ്സനാലിറ്റി’യാണെന്ന് രഞ്ജിനി ഹരിദാസ് മുൻപ് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു എന്നും ആലപ്പി അഷ്റഫ് പറയുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യക്‌തിപരമായ അപകീർത്തി പരാമർശം നടത്തിയ ബിഗ് ബോസ് താരം ജാൻമണി ദാസിന്റെ വാക്കുകൾ അംഗീകരിക്കാനാവില്ലെന്നും സോഷ്യൽ മീഡിയയുടെ പിന്തുണയാണ് ഇത്തരം മണ്ടത്തരങ്ങൾക്ക് കാരണമെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. കൂടാതെ, പേളിയും ജാൻമണിയും അറിവില്ലായ്‌മ കൊണ്ടാണ് ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞതെങ്കിൽ, ജന്തർ മന്തറിലെ പ്രക്ഷോഭകരെ വെടിവച്ചു കൊല്ലണമെന്ന് പറഞ്ഞ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് നടത്തിയത് ഭരണഘടനയെ വെല്ലുവിളിക്കുന്ന ആസൂത്രിതമായ കലാപ ആഹ്വാനമാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ

‘ഒരാളെ ഇല്ലാതാക്കാൻ കത്തിയും തോക്കുമൊന്നും വേണ്ട. ഒരു നുണയും അത് ആഘോഷമാക്കാൻ കുറച്ച് ആൾക്കൂട്ടവും ധാരാളം മതിയാകും. ചിലരുടെയൊക്കെ ആവേശത്തിനോ നിസ്സാര വിനോദത്തിനോ വേണ്ടി തൊടുത്തുവിടുന്ന നുണകൾ തിരിച്ചെടുക്കാൻ കഴിയാത്ത വിധം വിഷം പുരട്ടിയ അമ്പുകളാണ്. കേട്ടു പരിചയിച്ച നുണകളിൽ ഓരോരുത്തരും അവരവരുടെ ഭാവനകൾ കൂടി തുന്നിച്ചേർക്കുമ്പോൾ അവിടെ ഇല്ലാതാകുന്നത് ഒരു മനുഷ്യൻ്റെ ആയുസ്സും അഭിമാനവുമാണ്. പേളി മാണിയുടെയും ജാൻമണിയുടെയും ടി.ജി. മോഹൻദാസിന്റെയും അഭിപ്രായപ്രകടനങ്ങളിലേക്കും അതിനെ തുടർന്നുണ്ടായ കീറാമുട്ടികളിലേക്കും നമുക്കൊന്നു കടന്നു ചെല്ലാം. ചില വ്യക്തികൾ ഒന്നുമില്ലായ്‌മയിൽ നിന്നും കടന്നുവന്നു പേരും പ്രശസ്തിയും പണവും ഒക്കെ നേടികഴിഞ്ഞാൽ പിന്നെ വന്ന വഴി അപ്പാടെ അങ്ങു മറക്കും. പിന്നെ ഞാൻ ഏതോ വലിയ സംഭവമാണ്, ഞാൻ പറയുന്നതൊക്കെ വേദവാക്യമാണെന്ന ഭാവത്തിൽ മറ്റുള്ളവരോട് പുച്ഛഭാവത്തിലുള്ള സംസാരവും പെരുമാറ്റവും അങ്ങു തുടങ്ങും. ഒരാൾ അത്യുന്നതിയിൽ എത്തുമ്പോഴാണ് അയാളുടെ മനോഭാവത്തിന് മാറ്റം ഉണ്ടാകേണ്ടത്. അവരുടെ വാക്കുകൾക്ക് സത്യത്തിന്റെയും ധർമത്തിന്റെയും നീതിയുടെയും അനുകമ്പയുടെയും ആദരവിന്റെയും സ്‌ഫുരണം ഉണ്ടാകണം. ബഹുമാനം അർഹിക്കുന്ന വ്യക്‌തികളെ പരമപുച്‌ഛത്തോടെ കണ്ട് അവരെ ഇകഴ്ത്തി സംസാരിക്കുവാൻ ഒരിക്കലും പാടില്ല. അഹങ്കാരത്തിന്റെ മൂർധന്യാവസ്‌ഥയിൽ എത്തിനിൽക്കുന്ന ഇത്തരക്കാർ പടുത്തുയർത്തിയ മണിമാളികയിലേക്ക് കല്ലെറിയുകയും അവരുടെ സ്‌ഥാനം ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടുകയും ചെയ്യുമെന്നുള്ളത് ഒരു ചരിത്രസത്യമാണ്. അതാണ് ഇവിടെ ഇപ്പോൾ യൂട്യൂബറും ഇൻഫ്ലുവൻസറും അവതാരകയും ഒക്കെയായ പേളി മാണിക്ക് സംഭവിച്ചിരിക്കുന്നത്.

അനവസരത്തിൽ പറഞ്ഞിട്ടുള്ള ബുദ്ധിശൂന്യമായ ചില അഭിപ്രായങ്ങളും മണ്ടത്തരങ്ങളും കാരണം പേളി മാണി ഇപ്പോൾ പൊതുസമൂഹത്തിന്റെ മുൻപിൽ ഒരു അപഹാസ്യ കഥാപാത്രമായി മാറിയിരിക്കുകയാണല്ലോ. മലയാള സിനിമയിലെ ആദരണീയനായ ഒരു സംവിധായകനാണ് സിബി മലയിൽ. സിനിമയുടെ ആത്മാവ് തൊട്ടറിഞ്ഞ ഒരു ചലച്ചിത്രകാരനാണ് അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച സിനിമകൾ എടുത്താൽ അതിൽ സിബിയുടെ ‘തനിയാവർത്തന’വും ‘കിരീട’വും ‘ഭരത’വും മുന്തിയ സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടാകും. സിബി കാലഹരണപ്പെട്ട സംവിധായകൻ അല്ല എന്നറിയാത്ത ഒരാളല്ല പേളി മാണി. എന്നാൽ അവരുടെ ഉള്ളിലെ അഹങ്കാരം മറനീക്കി പുറത്തുവന്നപ്പോൾ അവർ സിബിയെ ആക്ഷേപിച്ചത് പരാജയപ്പെട്ട സംവിധായകൻ എന്ന് പറഞ്ഞുകൊണ്ടാണ്. സി.ജെ.പി.യുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെതിരായി നിലപാടെടുത്ത പേളി മാണിയെ വിമർശിച്ചുകൊണ്ട് സിബി മലയിലിൻ്റെ മകൻ ജോയുടെ ‘ഷെയിം ഓൺ യു’ എന്ന കമന്റ് ആണ് പേളിയെ ചൊടിപ്പിച്ചത്. തനിക്കെതിരായ ഒരു ശബ്ദം കേട്ടതിലുള്ള അസഹിഷ്‌ണുതയാണ് ജോയിയുടെ പിതാവായ സിബിയെ കഴിവുകെട്ടവനായി ആക്ഷേപിക്കാനുള്ള കാരണം. പേളി ഒരുപക്ഷേ ധരിച്ചിട്ടുണ്ടാകാം തൻ്റെ ലക്ഷോപലക്ഷം വരുന്ന ഫോളോവേഴ്സ് താൻ പറയുന്ന വളിപ്പുകളും മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും ഒക്കെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ഒപ്പം നിൽക്കുമെന്ന്. ഇവിടെയാണ് പേളി മാണിക്ക് അടിയേറ്റത്. ഒറ്റയടിക്ക് മൂന്നു നാല് ലക്ഷം സബ്സ്ക്രൈബേഴ്‌സ് പേളിയെ വെറുത്തുകൊണ്ട്, ഉപേക്ഷിച്ചുകൊണ്ട് സ്‌ഥലം കാലിയാക്കി. താങ്കൾ അത്ര വലിയ ഒരു കലാകാരിയോ ഒരു മഹാസംഭവമോ ഒന്നുമല്ല എന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ. താങ്കൾ പറയുന്ന കോമാളിത്തരങ്ങൾ കേട്ട് ഇഷ്‌ടപ്പെട്ട് ചിലർ നൽകിയ പിന്തുണയാണ് നിങ്ങളുടെ അംഗീകാരം.

നിങ്ങൾ ബിഗ് ബോസ് മത്സരാർഥിയായി എത്തിയപ്പോൾ നിങ്ങൾ കാഴ്‌ചവച്ച നിഷ്കളങ്കതയും പെർഫോമൻസും ഒക്കെ കണ്ട് എനിക്കും നിങ്ങളോട് ഇഷ്ട‌ം തോന്നിയിരുന്നു. അതുകൊണ്ട് മെറീന വിഷയം വന്നപ്പോൾ നിങ്ങളുടെ ഭാഗത്തായിരിക്കും ശരിയെന്ന് വിശ്വസിച്ചുകൊണ്ട് പേളിക്ക് അനുകൂലമായി ഒരു എപ്പിസോഡും ഞാൻ ചെയ്തിരുന്നു. എന്നാൽ ഇന്ന് ഞാൻ വിശ്വസിക്കുന്നു പേളിയെ കുറിച്ച് രഞ്ജിനി ഹരിദാസ് അന്നു പറഞ്ഞതാണ് ശരിയെന്ന്. അവർ ആദ്യം മുതലേ പറയുന്നുണ്ട് കാര്യസാധ്യത്തിനായി നിലപാടുകളിൽ ചാഞ്ചാട്ടം വരുത്തുന്നവരാണ് നിങ്ങൾ, ഫേക്ക് പേഴ്സ‌ണാലിറ്റി ആണ് നിങ്ങളുടേതെന്ന്. ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളോട്, യുവാക്കളോട് വെറുതെ അടികൊള്ളാതെ സമരം അവസാനിപ്പിച്ച് വീട്ടിൽ പോകാൻ പറഞ്ഞത് നിങ്ങളുടെ അജ്‌ഞത മൂലം പറഞ്ഞുപോയതാണെന്ന് ആറാട്ടണ്ണൻ പോലും പറയുന്നുണ്ട്. ആറാട്ടണ്ണൻ പറഞ്ഞത് കഷ്‌ടിച്ച് പത്താം ക്ലാസ് പാസായ പേളി മാണിക്ക് വിദ്യാഭ്യാസത്തെ കുറിച്ചും നീറ്റ് പരീക്ഷയെ കുറിച്ചും എന്തറിയാമെന്നാണ്. വിവരക്കേടും ബുദ്ധിയില്ലായ്‌മയും ഒരു തെറ്റൊന്നുമല്ല, പക്ഷേ ഇത്തരം ഗൗരവകരമായ വിഷയങ്ങളിൽ വാ അടച്ചിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നു.

പണ്ട് പേളി മാണി ഒതുക്കി മൂലയിൽ ഇരുത്തിയ മെറീന മൈക്കളിനെ ഓർമയുണ്ടോ? അവരിപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. അവരെ കേൾക്കാൻ നിങ്ങളോടൊപ്പം നിന്ന് അവരെ കല്ലെറിഞ്ഞവരും അവരോടൊപ്പമുണ്ട്. അവരായിരുന്നു ശരിയെന്ന് ഇപ്പോൾ കാലം തെളിയിച്ചു. പേളിയുടെ മുഖഛായയും നിറവും മുടിയുടെ സാദൃശ്യവും ഒക്കെ അവർക്ക് വന്നുപോയി എന്ന കാരണത്താൽ ഒരു ചാനലിലെ അഭിമുഖത്തിനായി വിളിച്ചുവരുത്തിയതിനു ശേഷം അവരെ ഇൻ്റർവ്യൂ ചെയ്യാതെ നിങ്ങൾ അവിടെ നിന്നും കടന്നുകളഞ്ഞില്ലേ? അന്ന് നിങ്ങൾ പറഞ്ഞ കള്ളത്തരങ്ങൾ വിശ്വസിച്ചവർ അവരെ കടുത്ത സൈബർ ആക്രമണത്തിന് വിധേയമാക്കി. അവരുടെ നിസ്സഹായാവസ്‌ഥ തുറന്നു പറയാൻ പോലും അനുവദിച്ചില്ല. ഇന്ന് ആ സത്യങ്ങൾ മറനീക്കി പുറത്തുവന്നു. ഇന്നവർ അജയ്യയായി ജനമധ്യത്തിൽ വന്നു സംസാരിക്കുന്നു, അവരെ കേൾക്കാൻ ചെവികൾ ഉണ്ടായിരിക്കുന്നു. മെറീന പറയുന്നു ‘കർമ’ എന്നൊന്നുണ്ട്, അത് ബൂമറാങ്ങ് പോലെ തിരികെ എത്തിയിരിക്കുന്നു എന്ന്. പേളിയുടെ കാര്യമെടുത്താൽ പൂന്താനത്തിൻ്റെ വരികൾക്ക് വലിയ പ്രസക്തിയുണ്ട്. ‘രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ’. കയ്യിൽ നിന്നു പോയ ആയുധവും വായിൽ നിന്നു പോയ വാക്കും ഒരിക്കലും തിരിച്ചെടുക്കാൻ ആവില്ല. ഇതുപോലെ അറിവില്ലായ്‌മയും ബുദ്ധിയില്ലായ്മയും കാരണം ഇന്നു പെട്ടുപോയിരിക്കുന്ന മറ്റൊരു സെലിബ്രിറ്റിയാണ് മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് താരവുമായ ജാൻമണി ദാസ്. ജാൻമണി കേരളത്തിൽ അറിയപ്പെട്ടത് മേക്കപ്പ് ആർട്ടിസ്‌റ്റ് എന്ന നിലയിലല്ല, ബിഗ് ബോസ് താരമായിട്ടാണ്. അന്നും അവരുടെ മണ്ടത്തരങ്ങൾ കേട്ട് കൈയടിച്ച് പ്രോത്സാഹിപ്പിച്ചതാണ് പ്രേക്ഷകർ അവരെ. ബിഗ് ബോസിൽ പോയി മടങ്ങി വന്നവർക്ക് ഒരു വിചാരമുണ്ട്, അവരുടെ വാക്കുകൾ ഇരുമ്പുലക്കയാണെന്ന്. വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും കയറി അറിയാൻ പാടില്ലാത്ത കാര്യങ്ങൾക്ക് അഭിപ്രായം പറയുക.

ജാൻമണിയുടെ നാക്കിന് ഇപ്പോൾ ബെല്ലും ബ്രേക്കും ഇല്ല. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതുപോലെ ആക്ഷേപിച്ചതും അപകീർത്തി പരാമർശം ഉതിർത്തതും നമ്മുടെ പ്രധാനമന്ത്രിക്ക് നേർക്കാണ്. പ്രധാനമന്ത്രിയുടെ നിലപാടുകളെയും പ്രവർത്തികളെയും ഒക്കെ നമുക്ക് വിമർശിക്കാം, അഭിപ്രായവും പറയാം. പക്ഷേ വ്യക്‌തിപരമായ അനാവശ്യ പരാമർശങ്ങൾ തെറ്റ് തന്നെയാണ്. അതൊരിക്കലും അംഗീകരിക്കാൻ ആവില്ല. ജാൻമണിയുടെ മണ്ടത്തരങ്ങളെ സോഷ്യൽ മീഡിയ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ് ജാൻമണി ഇത്തരം അനാവശ്യങ്ങൾ വച്ചുകാച്ചുന്നത്. അവരെ തിരുത്താൻ ഒപ്പമുള്ളവർ ശ്രമിച്ചിട്ടുമില്ല. എന്നാൽ ഇപ്പോൾ അത് തനിക്ക് കുരുക്കാകുമെന്ന് വന്നപ്പോൾ ക്ഷമാപണവുമായി എത്തിയിട്ടുണ്ട്. ജാൻമണി പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ഞാൻ എടുത്തു പറഞ്ഞു സംസാരിക്കുന്നതും കുറ്റകരമാണ്. അതുകൊണ്ടാണ് ഞാൻ അത് എന്താണെന്ന് ഇവിടെ എടുത്തു പറയാത്തത്. ഇതുപോലെ ഇപ്പോൾ പുലിപാലു പിടിച്ച് നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ് ആർ.എസ്.എസ്. നേതാവായ ടി.ജി. മോഹൻദാസ്. ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ അദ്ദേഹം പറഞ്ഞത്, “എനിക്ക് ഈ സിറ്റുവേഷൻ കയ്യിൽ കിട്ടിയാൽ ജന്തർ മന്തർ പരിസരത്ത് നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞു പോകുവാൻ മൂന്നു പ്രാവശ്യം ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും. കുറേ പേർ മരിക്കും. കുറേ പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാലു മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കും,” ഇതായിരുന്നു മോഹൻദാസിന്റെ വാക്കുകൾ.

കൂടാതെ അദ്ദേഹം ഗുരുതരമായ മറ്റു പരാമർശങ്ങളും നടത്തിയിരുന്നു. അദ്ദേഹം പറയുന്നു ബലാത്സംഗം ഇഷ്‌ടപ്പെടുന്ന സ്ത്രീകളാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തതെന്ന്. ബലാത്സംഗം കൂട്ടബലാത്സംഗമായി അങ്ങ് നടക്കും, ദൈവം സഹായിച്ച് അതിന് പരാതികൾ ഒന്നും ഉണ്ടാകില്ല. ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന കുട്ടികളെ കുട്ടത്തോടെ കൊലപ്പെടുത്തണമെന്നും ഗുരുതരമായി പരിക്കേൽപ്പിക്കണമെന്നും ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്‌താവനകൾ ഒരു സാധാരണ രാഷ്ട്രീയക്കാരൻ്റെ അഭിപ്രായമായി കാണാൻ കഴിയില്ല. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സമ്പ്രദായത്തെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്നതാണ് ടി.ജി. മോഹൻദാസിൻ്റെ ഈ പ്രസ്താവനകൾ എല്ലാം തന്നെ. ഇതിനെതിരെ വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉണ്ടായി, രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്നും പരാതികൾ ഉയർന്നുവന്നു. ഇതിൻ്റെയൊക്കെ ഫലമായി അദ്ദേഹത്തിനെതിരെ ഇപ്പോൾ കേസുകളും ഉണ്ടായി. ഇവിടെ പേളി മാണിയും ജാൻമണിയും ഒക്കെ വിദ്യാഭ്യാസവും വിവരവും കുറവുള്ളതുകൊണ്ട് മൂഢതയിൽ നിന്നുള്ള അഭിപ്രായ പ്രകടനം നടത്തിയപ്പോൾ, ടി.ജി. മോഹൻദാസ് ആസൂത്രിതമായ ആക്ഷേപങ്ങളും കലാപ ആഹ്വാനവുമാണ് നടത്തിയിരിക്കുന്നത് എന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇത്തരം പ്രസ്‌താവനകളും അഭിപ്രായങ്ങളും തീരുമാനങ്ങളും ഒക്കെ നമ്മുടെ രാജ്യത്തെ സർവനാശത്തിലേക്ക് നയിച്ചേക്കാം. ഇതിനൊക്കെ മാതൃകാപരമായ ഒരു നിയന്ത്രണം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു’.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →