Sunday, 9 August 2026
‘Honest storytelling is a powerful means of change
03:18:12 AM IST
National

അയോധ്യയിലെ പണം കക്കല്‍, മോദി മൗനം വെടിയണമെന്ന് രാഹുല്‍ ഗാന്ധി; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കള്‍; ആര്‍.എസ്.എസ് – വി.എച്ച്.പി ബന്ധമുള്ള ട്രസ്റ്റ് അംഗങ്ങളെയെല്ലാം നിയമിച്ചത് ബിജെപി സര്‍ക്കാര്‍

ന്യൂസ് ഡെസ്ക് 19 July 2026, 10:54 am
SHARE

അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. അയോധ്യ രാമക്ഷേത്രത്തെ തിരഞ്ഞെടുപ്പ് ആയുധമായി ഉപയോഗിച്ച ബിജെപി മോഷണ വിഷയത്തിലെത്തുമ്പോള്‍ മൗനം പാലിക്കുന്നതിനെ കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നേതാക്കളുടെ കത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തരെ ബാധിക്കുന്ന വിഷയത്തിലെ മൗനം അംഗീകരിക്കാനാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ലക്ഷക്കണക്കിന് ഭക്തര്‍ വലിയ വിശ്വാസത്തോടും ഭക്തിയോടും കൂടി നല്‍കിയ പണം മോഷ്ടിക്കപ്പെട്ടത് വഞ്ചനയാണെന്ന് ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ഇത്രയും ഗൗരവകരമായ ഒരു കുറ്റകൃത്യം നടന്നിട്ടും പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനം അംഗീകരിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കത്തില്‍ വിമര്‍ശിച്ചു.

അയോധ്യ ഫണ്ട് തട്ടിപ്പ് വിഷയത്തില്‍ ഇതാദ്യമായാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരണം നടത്തുന്നത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഈ ട്രസ്റ്റിലെ അംഗങ്ങളെ മുഴുവന്‍ നിയമിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് മോദിക്ക് നേര്‍ക്ക് രാഹുല്‍ ഗാന്ധി വിരല്‍ ചൂണ്ടുന്നത്.

ട്രസ്റ്റ് അംഗങ്ങള്‍ക്ക് ആര്‍.എസ്.എസ്., വി.എച്ച്.പി. തുടങ്ങിയ സംഘടനകളുമായും അവയുടെ പോഷക സംഘടനകളുമായും അടുത്ത ബന്ധമുണ്ടെന്നത് പരസ്യമായ കാര്യമാണെന്നും ട്രസ്റ്റിന്റെ മുന്‍ ജനറല്‍ സെക്രട്ടറി പ്രധാനമന്ത്രിയുടെ അടുത്ത സഹായിയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രധാന ആവശ്യം.

ഭക്തര്‍ സമര്‍പ്പിച്ച പണം, സ്വര്‍ണ്ണം, വെള്ളി എന്നിവ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കൃത്യമായി പരിശോധിക്കണം. അന്വേഷണ റിപ്പോര്‍ട്ടും ട്രസ്റ്റിന്റെ അക്കൗണ്ട് വിവരങ്ങളും പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും ഭക്തര്‍ നല്‍കിയ വഴിപാടുകള്‍ എന്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്ന് അവരെ അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഈ അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എത്ര ഉയര്‍ന്ന പദവിയിലുള്ളവരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും ട്രസ്റ്റിന്റെയും വിശ്വാസ്യത പ്രധാനമന്ത്രി എത്രമാത്രം സുതാര്യമായും വേഗത്തിലും നടപടിയെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇന്ത്യയിലെ ജനങ്ങള്‍ ഈ വിഷയം അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ കത്തില്‍ പറയുന്നു

Read More
s
ന്യൂസ് ഡെസ്ക്
View all posts →