വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; ബഹ്‌റിനില്‍ നിന്ന് 39 ഉം ദുബായില്‍ നിന്ന് 27 ഉം വിമാനങ്ങള്‍

കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ജൂലൈ ഒന്ന് മുതല്‍ 14 വരെയുള്ള വിമാനങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്.

ക്വാലലംപുരില്‍ നിന്നു രണ്ടും സിംഗപ്പൂരില്‍ നിന്ന് ഒന്നും ഒഴികെ ബാക്കി സര്‍വീസുകളെല്ലാം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ബഹ്‌റൈന്‍ 39 , ദുബായ് -27, മസ്‌കത്ത് -13, അബുദാബി -12 എന്നിങ്ങനെയാണ് സര്‍വീസുകള്‍. കൊച്ചിയിലേക്കാണ് ഏറ്റവും അധികം സര്‍വീസുകള്‍ 35. തിരുവനന്തപുരം-22, കണ്ണൂര്‍-20, കോഴിക്കോട്-17. ക്വാലലംപുര്‍, സിംഗപ്പൂര്‍ സര്‍വീസുകളും കൊച്ചിയിലേക്കാണ്. വിമാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്. https://www.mea.gov.in/phase-4.htm  

177 യാത്രക്കാര്‍ വീതമായിരിക്കും ഈ വിമാനങ്ങളില്‍ വരുന്നത്. അങ്ങനെ മൊത്തം 16,638 പ്രവാസികള്‍ക്ക് വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ നാട്ടിലെത്താം. ഇവയ്ക്കു പുറമേ ചാര്‍ട്ടേഡ് വിമാനങ്ങളിലും യാത്രക്കാര്‍ എത്തും. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അനുമതി വൈകുമെന്നതിനാല്‍ ഷെഡ്യൂള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നു നോര്‍ക്ക വ്യക്തമാക്കി.