പ്രവാസികള്‍ക്ക് സുപ്രധാന നിര്‍ദേശവുമായി സര്‍ക്കാര്‍; പുതിയ നിബന്ധന ശ്രദ്ധിക്കണം

Gambinos Ad

യുഎഇയില്‍ തൊഴില്‍ വിസയിലുള്ളവര്‍ക്ക് പുതിയ നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം. യുഎഇ തൊഴില്‍ വിസയുള്ളവര്‍ ലീവിന് പോയി ഡിസംബര്‍ 31ന് ശേഷമാണ് മടങ്ങി വരുന്നതെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഇമിഗ്രേറ്റ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാക്കി. യു.എ.ഇക്ക് പുറമെ 17 രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് കൂടി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഈ നിബന്ധന ബാധകമാക്കിയിട്ടുണ്ട്.

Gambinos Ad

ഒറ്റത്തവണ രജിസ്‌ട്രേഷനാണിത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ സിം ആവശ്യമാണ്. സ്വന്തം പേരിലല്ലാത്ത സിമ്മും ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈ നമ്പറിലേക്ക് വരുന്ന ഒടിപിയാണ് രജിസ്‌ട്രേഷന് ആവശ്യമുള്ളത്. ഇന്ത്യയില്‍നിന്ന് യാത്ര തിരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. അഞ്ച് മിനിറ്റ് കൊണ്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍, രജിസ്‌ട്രേഷന് ശ്രമിച്ച പലരും പേജ് ഡൗണ്‍ലോഡാകുന്നില്ലെന്ന് പരാതിപ്പെടുകയാണ്.

രജിസ്റ്റര്‍ ചെയ്യാത്ത എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് പട്ടികയില്‍ പെടുത്തിയ രാജ്യങ്ങളിലേക്ക് ജനുവരി ഒന്ന് മുതല്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഇവരെ മടക്കി അയക്കും. അതേസമയം, വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യമാര്‍, കുട്ടികള്‍ തുടങ്ങി ആശ്രിത വിസയിലുള്ളവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. ഭാര്യമാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് ജോലി ഉണ്ടെങ്കിലും അവര്‍ ആശ്രിത വിസയിലാണെങ്കില്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.