വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടം; കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് ആറ് സര്‍വീസുകള്‍

പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിനുള്ള വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തില്‍ കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് ആറു വിമാന സര്‍വീസുകള്‍. തിരുവനന്തപുരത്തേക്കും കോട്ടിക്കോടേയ്ക്കും ഈരണ്ടു സര്‍വീസുകള്‍ വീതവും കൊച്ചി കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസ് വീതവുമാണ് ഉള്ളത്.

ആദ്യ സര്‍വീസ് മേയ് 28-ന് തിരുവനന്തപുരത്തേക്കാണ്. കുവൈറ്റില്‍ നിന്നും 11.20-ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 7 മണിക്ക് തിരുവനന്തപുരത്ത് എത്തും. മെയ് 29-ന് കോഴിക്കോട്ടേക്കുള്ള വിമാനം കുവൈറ്റില്‍ നിന്ന് വൈകുന്നേരം 3.40ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കോഴിക്കോട്ടു എത്തിച്ചേരും. മെയ് 30-ന് കണ്ണൂരിലേക്കുള്ള വിമാനം ഉച്ചക്ക് 1.30-ന് കുവൈറ്റില്‍ നിന്നും പുറപ്പെട്ട് രാത്രി 8.30 ന് കണ്ണൂരിലെത്തും.

ജൂണ്‍ ഒന്നിന് തിരുവനന്തപുരത്തേക്കുളള രണ്ടാമത്തെ വിമാനം കുവൈറ്റില്‍ നിന്നും രാവിലെ 11.20ന് പുറപ്പെട്ട് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരത്തേക്കെത്തും. ജൂണ്‍ രണ്ടിന് കൊച്ചിയിലേക്കുള്ള വിമാനം കുവൈറ്റില്‍ നിന്നും ഉച്ചക്ക് 12ന് പുറപ്പെട്ട് രാത്രി 7.30ന് കൊച്ചിയില്‍ എത്തും. ജൂണ്‍ 4ന് കോഴിക്കോട്ടേക്കുള്ള വിമാനം കുവൈറ്റില്‍ നിന്ന് വൈകുന്നേരം 3.40ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കോഴിക്കോട്ട് എത്തിച്ചേരും.