പുതുവര്‍ഷ പുലരിയില്‍ യുഎഇയ്ക്ക് രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍

പുതുവര്‍ഷ പുലരിയില്‍ യുഎഇയ്ക്ക് അഭിമാനിക്കാന്‍ രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍. ബുര്‍ജ് ഖലീഫ ലേസര്‍ലൈറ്റുകളില്‍ തരംഗം സൃഷ്ടിച്ചപ്പോള്‍ അല്‍മര്‍ജാന്‍ ദ്വീപ് ആകാശത്ത് തീപ്പൊരിപാറിച്ചു. ഇതാസ്വദിക്കാന്‍ ലോകമെന്പാടു നിന്നും ജന ലക്ഷങ്ങളാണ് യുഎഇയില്‍ ഒഴുകിയെത്തിയത്.

കരിമരുന്നു പ്രയോഗത്തിന്റെ കാര്യത്തില്‍ ലോകം കീഴടക്കിയ ബുര്‍ജ് ഖലീഫ ഇത്തവണ കരിമരുന്ന് പ്രകടനത്തിന് മുതിരാതെ ലൈറ്റ് ആന്റ് സൗണ്ട് പ്രകടനമാണ് പുതുവര്‍ഷത്തില്‍ സമ്മാനിച്ചത്. കൂറ്റന്‍ എല്‍ഇഡി സ്‌ക്രീനുകള്‍, ബള്‍ബുകള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ സഹായത്തോടെ ബുര്‍ജ് ഖലീഫ സംഗീതത്തിന്റെ അകന്പടിയോടെ നടത്തിയ വൈദ്യുതദീപാലങ്കാരം ഗിന്നസ്ബുക്കിലും കയറിപ്പറ്റി.

828 മീറ്റര്‍ ഉയരത്തില്‍ ഒരുക്കിയ പ്രകാശ വിസ്മയം ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ ആയി മാറി.

പത്ത് ലക്ഷത്തിലധികം കിലോ കരിമരുന്ന് പൊട്ടിച്ചാണ് റാസല്‍ഖൈമയിലെ അല്‍ മര്‍ജാന്‍ വിനോദസഞ്ചാര ദ്വീപ് പുതുവര്‍ഷത്തെ പ്രകാശിതമാക്കിയത്. ഒരുകിലോമീറ്റര്‍ ദൂരത്തില്‍ കടലില്‍ കൂറ്റന്‍ വെടിഗുണ്ടുകള്‍ സ്ഥാപിച്ച് ലോകത്തിലെ ഏറ്റവും വലിയ ഏരിയല്‍ ഫയര്‍ വര്‍ക്ക് ഷെല്‍ എന്ന ഗിന്നസ് റെക്കാര്‍ഡും റാസല്‍ഖൈമ നേടി. ജപ്പാന്റെ പ്രകടനത്തെയാണ് അല്‍ മര്‍ജാന്‍ വെടിക്കെട്ട് മറികടന്നത്.

അങ്ങനെ വടിക്കെട്ടു , ദീപാലങ്കാരങ്ങളും,സംഗീത പരിപാടികളുമായാണ് 2018 പുതുവത്സരത്തെ യൂഎഇ വരവേറ്റത്.