യു.എ.ഇയില്‍ നിന്ന് ആദ്യ വിമാനം ഉച്ചയ്ക്ക് 2.10 ന്; 170 യാത്രക്കാര്‍

യു.എ.ഇയില്‍ നിന്ന് ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യ വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10ന് പുറപ്പെടും. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX0344 വിമാനത്തില്‍ 170 പേരെയാണ് കൊണ്ടുപോവുകയെന്ന് കോണ്‍സുല്‍ നീരജ് അഗ്രവാള്‍ വ്യക്തമാക്കി. വിമാനത്തില്‍ 200 പേരെ കൊണ്ടുപോകുവാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എണ്ണത്തില്‍ കുറവ് വരുത്തുകയായിരുന്നു.

ടിക്കറ്റ് ലഭിച്ച യാത്രക്കാര്‍ക്ക് മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശനമുള്ളൂ. വിമാനത്താവളത്തില്‍ സാമൂഹിക അകലവും സുരക്ഷാ മുന്‍കരുതലുകളും കര്‍ശനമായി പാലിക്കണം. അതിനാവശ്യമായ എല്ലാവിധ മുന്‍കരുതലുകളും ദുബായ് വിമാനത്താവളം ഒരുക്കിത്തുടങ്ങി. എല്ലാവിധ ആരോഗ്യ നിര്‍ദേശങ്ങളും പാലിക്കാന്‍ സന്നദ്ധരാണ് എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒപ്പിട്ടു മാത്രമേ യാത്ര തുടരാനുമാവൂ.

Read more

യാത്രക്കാര്‍ക്ക് മാസ്‌കുകള്‍, സാനിറ്റൈസര്‍ എന്നിവ വിമാനത്താവളത്തില്‍ ലഭ്യമാക്കും. അവ ഉപയോഗിക്കല്‍ യാത്രയില്‍ നിര്‍ബന്ധമാണ്. തൊഴിലും വരുമാനവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികളെയാണ് ആദ്യഘട്ടത്തില്‍ കൊണ്ടുപോവുക. രണ്ടാംഘട്ടത്തില്‍ ഗര്‍ഭിണികള്‍, പ്രായമായവര്‍, അടിയന്തര ചികിത്സ വേണ്ടവര്‍, സന്ദര്‍ശക വിസയിലെത്തിയവര്‍, മറ്റു പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവരെ മുന്‍ഗണനാക്രമത്തില്‍ കൊണ്ടുപോകും.