യുഎഇയില്‍ റഷ്യന്‍ മുട്ട, ഇറച്ചി ഇറക്കുമതിക്ക് വിലക്ക്

റഷ്യയില്‍ നിന്നുള്ള മുട്ടക്കും ഇറച്ചി ഉല്‍പ്പന്നങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. റഷ്യയില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യുഎഇ മന്ത്രാലയത്തിന്റെ വിലക്ക്. റഷ്യയുടെ മധ്യ പ്രവിശ്യയില്‍ 660,000 പക്ഷികള്‍ കൂട്ടത്തെടെ ചത്തൊടുങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലക്കാണ് റഷ്യയില്‍ നിന്നുള്ള മുട്ട, ഇറച്ചി ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് യുഎഇ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മജിദ് സുല്‍ത്താന്‍ അല്‍ ഖാസ്മി പറഞ്ഞു.

എല്ലാ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ കൃത്യവും സൂക്ഷമവുമായി നിരീക്ഷിക്കാനുള്ള സംവിധാനം യുഎഇയിലുണ്ട്.