യു.എ.ഇയുടെ ആകാശങ്ങൾക്ക് പ്രൗഢിയേകാൻ വരുന്നു പുത്തൻ അംബരചുംബികൾ

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന യു‌.എ.ഇ, പ്രത്യേകിച്ച് ദുബായ്, ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന കൂറ്റൻ കെട്ടിടങ്ങളുടെയും നിർമ്മിതികളുടെയും ആസ്ഥാനമാണ്. അംബരചുംബികളായ കെട്ടിടങ്ങൾക്ക് പേരുകേട്ട യു.എ.ഇ നിരവധി പുതിയ അംബരചുംബികളായ കെട്ടിടങ്ങളും നിർമ്മിതികളും ഏതാനും വർഷങ്ങൾക്കുള്ളിൽ തുറക്കാൻ ഒരുങ്ങുകയാണ് എന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത് രാജ്യത്തിന്റെ പ്രതാപം വർദ്ധിപ്പിക്കുകയും രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുകയും ചെയ്യും.

ട്രില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന ആയിരക്കണക്കിന് നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ബി‌.എൻ‌.സി നെറ്റ്‌വർക്ക്, യു‌.എ.ഇയിൽ ഉടനീളം 18.85 ബില്യൺ ഡോളർ (69 ബില്യൺ ദിർഹം) ലാൻഡ്മാർക്ക് പ്രോജക്ടുകൾ നടക്കുന്നുണ്ടെന്ന് കണക്കാക്കുന്നു, ഇതിന്റെ സിംഹഭാഗം നിർമ്മാണങ്ങളും നടക്കുന്നത് ദുബായിലാണ്. രാജ്യത്തിൻറെ വാണിജ്യ തലസ്ഥാനമായ ദുബായിൽ 15.62 ബില്യൺ ഡോളറിന്റെ (57.33 ബില്യൺ ദിർഹം) നിർമ്മാണ പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്.

ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, വിനോദം എന്നീ മേഖലകളിലായി നടക്കുന്ന ഈ പ്രോജക്റ്റുകളിൽ ഭൂരിഭാഗവും നിർമ്മാണത്തിലോ ടെണ്ടർ ഘട്ടത്തിലോ ആണ്, അവ 2020 മാർച്ച് മുതൽ 2022 ഡിസംബർ വരെയുള്ള കാലയളവിൽ പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിൽ ഉൾപ്പെടുന്നവ:

1. ദുബായ് എക്സിബിഷൻ സിറ്റി (എക്സ്പോ വില്ലേജ്)

2. മൈദാൻ വൺ മാൾ, റോയൽ അറ്റ്ലാന്റിസ് റിസോർട്ട്, റെസിഡൻസ്

3. റീം മാൾ, അപ്പ്‌ടൗൺ ടവർ

4. മറിയ പ്ലാസ

5. ഐ.സി.ഡി ബ്രൂക്ക്ഫീൽഡ് പ്ലേസ്

6. ദുബായ് ക്രീക്ക് ടവർ

7. ഗുഗ്ഗൻഹൈം അബുദാബി

8. ദുബായ് ഐ

9. മ്യൂസിയം ഓഫ് ഫ്യൂച്ചർ

10. അൽ ഖാന.

“ലോകത്തിലെ ഏറ്റവും മികച്ച ലാൻഡ്മാർക്കുകളിൽ ചിലത് ദുബായിലുണ്ട്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ലാൻഡ്മാർക്കുകളുടെ എണ്ണത്തിൽ ദുബായിയെ പോലെ അഭിമാനിക്കാൻ കഴിയുന്ന വളരെ കുറച്ച് നഗരങ്ങളേയുള്ളൂ, ” ബി‌.എൻ‌.സി നെറ്റ്‌വർക്ക് സി.ഇ.ഒ അവിൻ ഗിദ്‌വാനി ഖലീജ് ടൈംസിനോട് പറഞ്ഞു.

ലോകപ്രശസ്ത ലാൻഡ്‌മാർക്കുകളായ ഷെയ്ഖ് സായിദ് പള്ളി, ബുർജ് അൽ അറബ്, ബുർജ് ഖലീഫ, പാം അറ്റ്ലാന്റിസ്, ലൂവ്രെ അബുദാബി, ദുബായ് മാൾ, കയാൻ ടവർ, ദുബായ് ഫ്രെയിം എന്നിവ യു.എ.ഇയിൽ ഇതിനോടകം തന്നെ ഉണ്ട്.

വാസ്തുവിദ്യാ സ്ഥാപനമായ ജെയിംസ് ലോ സൈബർടെക്ചർ രൂപകൽപ്പന ചെയ്തതും ആപ്പിൾ ഐപോഡിന്റെ രൂപകൽപ്പനയ്ക്ക് സമാനമായതുമായ ഒരു കൂറ്റൻ ടവർ ദുബായിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

അബുദാബിയിലെ 500,000 ചതുരശ്ര അടി വിസ്‌തീർണമുള്ള ഡി.യു ആസ്ഥാനം, സ്കൈ ഗാർഡൻസ് അബുദാബി, പാം ജുമൈറ എഡ്ജ്സ്, മടക്കാവുന്ന സ്മാർട്ട്‌ഫോണിന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഡി.യു ടെലികമ്മ്യൂണിക്കേഷൻ ടവർ, ഷഫിൾ ടവർ എന്നിവ യു.എ.ഇയ്ക്കുള്ള ജെയിംസ് ലോ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്ന മറ്റ് ലാൻഡ്മാർക്ക് ഡിസൈനുകളിൽ ചിലതാണ്.

മാത്രമല്ല, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ഗെവോറ സ്ഥിതി ചെയ്യുന്നത് ദുബായിലാണ്; ഗെവോറയ്ക്ക് മുമ്പ്, ജെഡബ്ല്യു മാരിയറ്റ് മാർക്വിസാണ് ഏറ്റവും ഉയരം കൂടിയ ഹോട്ടൽ എന്ന് വിശേഷിക്കപ്പെട്ടിരുന്നത്.

150 മീറ്ററും അതിനുമുകളിലും ഉയരമുള്ള 621 കെട്ടിടങ്ങൾ യു.എ.ഇയിൽ ഉണ്ടെന്ന് സ്കൈസ്‌ക്രാപ്പർ സെന്ററിന്റെ ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നു. ചൈന, യുഎസ്, ജപ്പാൻ എന്നിവയ്ക്ക് ശേഷം നാലാം സ്ഥാനത്താണ് യു.എ.ഇ. അതുപോലെ, ഹോങ്കോംഗ്, ന്യൂയോർക്ക് സിറ്റി, ഷെൻ‌ഷെൻ എന്നിവയ്ക്ക് ശേഷം 190 കെട്ടിടങ്ങളുള്ള ദുബായ് നാലാം സ്ഥാനത്താണ്.

കെട്ടിട നിർമ്മാണ ഗവേഷണ സ്ഥാപനമായ എംപോറിസ് വെളിപ്പെടുത്തിയത് 50 ഓളം അംബരചുംബികളായ കെട്ടിടങ്ങൾ നിർമ്മാണത്തിലാണ്, ഇതിൽ ക്രീക്ക് ടവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറാണ്. എന്നിരുന്നാലും, 300 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള അംബരചുംബികൾ 22 എണ്ണം ഉള്ള ദുബായ് ആഗോളതലത്തിൽ ഒന്നാമതാണ്.

നിലവിൽ യു‌എഇയിൽ ഉടനീളം 100 ദശലക്ഷം ഡോളർ വിലമതിക്കുന്ന 400 നഗര നിർമ്മാണ പദ്ധതികളുണ്ട്. ഇതിന്റെ മൊത്തം മൂല്യം 107 ബില്യൺ ഡോളറാണ് (392.7 ബില്യൺ ദിർഹം), ബി‌.എൻ‌.സി നെറ്റ്‌വർക്ക് പറഞ്ഞു.

ഏറ്റവും മികച്ച ലാൻഡ്‌മാർക്കുകളുള്ള ദുബായ് ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിലൊന്നാണ് എന്ന് ആൽഫ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റിന്റെ ജനറൽ മാനേജർ സമീർ ഹമാഡെ പറയുന്നു. “ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം മുതൽ മൊത്തം വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ഉൾപ്പെടെ 200 ലധികം ഗിന്നസ് റെക്കോഡുകൾ ദുബായിയുടെ പേരിലുണ്ടെന്ന് ,” ഹമദെ കൂട്ടിച്ചേർത്തു.

അത്ഭുതകരമായ ലാൻഡ്‌മാർക്കുകളിലൂടെ, പ്രത്യേകിച്ചും ദുബായിലെ, യു.എ.ഇ വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തിയെന്ന് ലൂത്ത റിയൽ എസ്റ്റേറ്റ് ഡവലപ്മെൻറ് സി.ഇ.ഒ സാലിഹ് അബ്ദുല്ല ലൂത്ത അഭിപ്രായപ്പെട്ടു.

Read more

പ്രസിദ്ധമായ ലാൻഡ്‌മാർക്കുകൾ സന്ദർശിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ എമിറേറ്റ് വലിയ പുരോഗതി കൈവരിച്ചു. നിലവിൽ, 2020 ഓടെ 20 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് യു.എ.ഇ. മാത്രമല്ല, യു‌.എ.ഇയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നതിനായുള്ള ശ്രമത്തിലാണ് രാജ്യം, സർക്കാർ മേഖലകളും ഇതിനായി ഒരുമിച്ച് പ്രവർത്തിക്കുന്നു – ഇത് ടൂറിസം വ്യവസായത്തിലെ രാജ്യത്തിൻറെ ആധിപത്യത്തിന് കൂടുതൽ പ്രയോജനം നൽകും, ”ലൂത്ത പറഞ്ഞു.