യുഎഇയില്‍ ഷവര്‍മ്മ കൂടുതല്‍ സുരക്ഷിതമാക്കാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍

ഷവര്‍മ തയ്യാറാക്കുന്നതില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടികളുമായി യു.എ.ഇ. എമിറേറ്റ്‌സ് അതോറിറ്റി ഓഫ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍റ് മെട്രോളജി (എസ്.എം.എ.എം)യുടെ നേതൃത്വത്തിലാണ് പുതിയ നടപടി. ഷവര്‍മ നിര്‍മിക്കുന്നതിനായി പഴകിയ മാംസം ഉപയോഗിക്കാന്‍ പാടില്ലെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പാക്കേജിംഗ്, വെയര്‍ഹൗസിംഗ് മാനദണ്ഡങ്ങള്‍, വിതരണം, വില്പന നിലവാരങ്ങള്‍ എന്നിവയിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപകരണങ്ങളുടെ ശുചിത്വ വ്യവസ്ഥ, തൊഴിലാളികളുടെ ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. കണ്‍സ്യൂമര്‍ ഗുഡ്‌സിന്റെ നിലവാരത്തിലും ശ്രദ്ധ ചെലുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും യു.എ.ഇ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങളില്‍ പഴകിയ മാംസം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം നടപടികളിലൂടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന ഭക്ഷണ രീതികളില്‍ നിന്ന് ഒരളവ് വരെ രക്ഷപെടാനാകുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. യു.എ.ഇയില്‍ കയറ്റുമതി ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ ഉറപ്പാക്കുമെന്നും ഇ.എസ്.എം.എ അറിയിച്ചു.