ഒരു വര്‍ഷമായി ശമ്പളമില്ല, പട്ടിണി മൂലം കുവൈറ്റില്‍ 3000 ഇന്ത്യന്‍ തൊഴിലാളികള്‍ സമരത്തില്‍

ദുരിതപൂര്‍ണമായ ജീവിതാവസ്ഥയിലുടെ കടന്നു പോകുകയാണ് കുവൈറ്റിലെ 3000 ഇന്ത്യന്‍ തൊഴിലാളികള്‍. ഖരാഫി നാഷണല്‍ കമ്പനിയില്‍ നിന്ന് ശമ്പളം ലഭിക്കാതെ ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുകയാണ് ഇവിടുത്തെ തൊഴിലാളികള്‍. ഒരു വര്‍ഷമായി കമ്പനി ശമ്പളം നല്‍കുന്നില്ല. ആവശ്യമായ ഫണ്ടില്ലെന്നാണ് വാദം. ശമ്പളം ലഭിക്കുന്നതിനായി 45 ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരം ഇന്ന് 14-ാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്.

ഇന്ത്യന്‍ തൊഴിലാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഷാഹിന്‍ സയിദ് എന്ന സാമൂഹ്യ പ്രവര്‍ത്തക തന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയാണ് ഈ പ്രശ്‌നത്തെ പുറം ലോകത്തെ അറിയിച്ചത്.

പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കുവൈറ്റ് സര്‍ക്കാര്‍ വൈകിയിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി.കെ. സിംഗ് ട്വീറ്റ് ചെയ്തു. പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യന്‍ എംബസി ശ്രമം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ ഗുജറാത്ത് ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, രാജസ്ഥാന്‍, ആന്ധ്രാ പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

ഇവരുടെ വിസാ കാലാവധി അവസാനിച്ചു കഴിഞ്ഞു. പാസ്‌പോര്‍ട്ട് കമ്പനിയുടെ കൈവശമാണെന്നുള്ളതും മറ്റൊരു പ്രശ്‌നമാണ്.അനധികൃതമായി രാജ്യത്ത് താമസിക്കുന്നു എന്നതിനാല്‍ ചികിത്സക്കായി ആശുപത്രികളില്‍ പോകുവാന്‍ പോലും ഇവര്‍ക്കാവില്ല.

ചില സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ ഷഹീനാണ് ഇവര്‍ക്ക് ആഹാരവും മറ്റും എത്തിച്ചു നല്‍കുന്നത്. വിഷാദരോഗം ബാധിച്ചവര്‍ക്ക് കൗണ്‍സലിംഗും നല്‍കുന്നുണ്ട്. തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും, നാട്ടിലെത്താന്‍ സഹായിക്കണമെന്നും തൊഴിലാളികള്‍ പറയുന്ന വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.