കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അബുദാബി

കോവിഡ് നിയന്ത്രണ വിധേയമാകുന്ന അബുദാബിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഷോപ്പിംഗ് മാള്‍, റസ്റ്റോറന്റ് തുടങ്ങി വാണിജ്യ സ്ഥാപനങ്ങളില്‍ 60 ശതമാനം പേരെ പ്രവേശിപ്പിക്കാം. ആരോഗ്യ, രോഗപ്രതിരോധ, ദേശീയ അത്യാഹിത ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 40 ശതമാനം പേര്‍ക്കായിരുന്നു പ്രവേശനാനുമതി.

ഹോട്ടലുകളില്‍ ഭക്ഷണമേശയില്‍ 4 പേരില്‍ കൂടുതല്‍ പാടില്ല. 2 മേശകള്‍ തമ്മില്‍ 2 മീറ്റര്‍ അകലം വേണം. സമ്പര്‍ക്കം ഒഴിവാക്കാന്‍ കാത്തിരിപ്പു സ്ഥലം അടച്ചിടണം. തെര്‍മല്‍ സ്‌കാനറില്‍ ശരീരോഷ്മാവ് കൂടുതലായി കണ്ടെത്തുന്നവര്‍ക്ക് പ്രവേശനമുണ്ടാകില്ല.

ഇളവുകള്‍ക്കിടയിലും പൊതുസ്ഥലങ്ങളില്‍ മാസ്‌കും ഗ്ലൗസും ധരിക്കുക, അകലം പാലിക്കുക, സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ ഇടയ്ക്കിടെ കൈകള്‍ ശുചീകരിക്കുക തുടങ്ങി ശുചിത്വ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി തന്നെ പാലിച്ചിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.