അബുദാബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് വരാനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 48 മണിക്കൂര്‍ മുമ്പ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ അബുദാബിയിലേക്ക് ഇനി പ്രവേശനം അനുവദിക്കൂ.

അബുദാബി സന്ദര്‍ശിക്കുന്നവര്‍ അല്‍ഹൊസന്‍ ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ മൂന്നാഴ്ചയായി നിലനില്‍ക്കുന്ന വിലക്ക് ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം.

കോവിഡ് പരിശോധന വ്യാപകമാക്കിയതിനെ തുടര്‍ന്ന് ഈ മാസം 2-നാണ് അബുദാബിയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. അബുദാബിയില്‍നിന്ന് മറ്റു എമിറേറ്റിലേക്കു പോകുന്നതിന് വിലക്കില്ല. ചരക്കുനീക്കത്തിനും തടസ്സമില്ല.