2022 ഓടെ സര്‍ക്കാര്‍ മേഖലകള്‍ പൂര്‍ണമായും സ്വദേശിവത്കരിക്കാന്‍ പദ്ധതിയിട്ട് കുവൈറ്റ്

2022 ആകുമ്പോഴേക്കും എല്ലാ സര്‍ക്കാര്‍ തൊഴില്‍ മേഖലകളും നൂറു ശതമാനം സ്വദേശിവത്കരിക്കാന്‍ ഒരുങ്ങി കുവൈറ്റ്. സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ നേതൃത്വത്തില്‍ ഇതിനു വേണ്ടിയുള്ള പ്രാരംഭ നടപടികള്‍ അരംഭിച്ചു. സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ കൂടിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ മേഖലകള്‍ സ്വദേശിവത്കരിക്കാനുള്ള കുവൈറ്റിന്റെ ചടുല നീക്കം.

സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റുന്ന വിദേശികളുടെ കൃത്യമായ കണക്ക് തയാറാക്കാന്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ചുവരെയുള്ള കാലയളവില്‍ ഇത് സംബന്ധിച്ച പട്ടിക തയാറാക്കി നല്‍കണമെന്നാണ് നിര്‍ദേശം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിശ്ചിത ശതമാനം വിദേശികളെ കുറച്ച് കൊണ്ടുവന്ന് 2022 ആകുമ്പോഴേക്ക് പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം.

വിവര സാങ്കേതിക മേഖല, കലാ- സാംസ്‌കാരിക മേഖല, ഇന്‍ഫര്‍മേഷന്‍ മേഖല, പബ്ലിക് റിലേഷന്‍ മേഖല എന്നിവയിലെ മുഴുവന്‍ തസ്തികകളും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണ പദ്ധതിയുടെ പരിധിയില്‍വരുമെന്നാണ് സൂചന.  ഉന്നതരുടെ സ്വാധീനത്തിലൂടെയും മറ്റും സര്‍ക്കാര്‍ മേഖലയില്‍ വിദേശികളെ നിയമിക്കുന്നതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.