നാളെ മുതല്‍ യുഎഇയില്‍ തൊഴില്‍ വിസ നേടാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിയമം നിലവില്‍ വരും

യുഎഇയില്‍ തൊഴില്‍ വിസ അനുവദിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് നിയമം നാളെ മുതല്‍ നിലവില്‍ വരും. നിയമം നടപ്പാക്കുന്നതോടെ ഇനി മുതല്‍ തൊഴില്‍ വിസ ലഭിക്കാനായി എല്ലാ വിദേശികളും അവരുടെ മാതൃരാജ്യത്തു നിന്നോ അവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി താമസിക്കുന്ന രാജ്യത്തുനിന്നോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇതു ഹാജരാക്കിയാല്‍ മാത്രമേ തൊഴില്‍ വിസ അനുവദിക്കൂ.

സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന രാജ്യങ്ങളിലെ യുഎഇ നയതന്ത്രകാര്യാലയങ്ങളിലോ യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയത്തിനു കീഴിലുള്ള ഹാപ്പിനെസ് കേന്ദ്രങ്ങളിലോ സാക്ഷ്യപ്പെടുത്തണമെന്നും നിബന്ധനയുണ്ട്.

ഈ നിയമം തൊഴില്‍ വിസയ്ക്കു മാത്രമേ ബാധകമായി മാറൂ. തൊഴില്‍ തേടുന്ന വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കോ മറ്റ് ആശ്രിതര്‍ക്കോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മാത്രമല്ല ഈ തീരുമാനത്തില്‍ നിന്നും സന്ദര്‍ശക വീസയില്‍ എത്തുന്നവരെ ഒഴിവാക്കിയിട്ടുണ്ട്.

ദീര്‍ഘനാളുകളായി യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും പുതിയ വിസ ലഭിക്കാന്‍ ഇതു നിര്‍ബന്ധമാണ്. ഇതിനുള്ള സാക്ഷ്യപത്രം അബുദാബി പൊലീസില്‍ നിന്നോ ദുബായ് പൊലീസില്‍ നിന്നോ വാങ്ങണം. അതിനു വേണ്ടിയുള്ള അപേക്ഷ വെബ് സൈറ്റിലൂടെ സമര്‍പ്പിക്കാം.