ഫിറ്റ്നെസ് ചലഞ്ചിന് ശേഷം അടുത്ത സാഹസികതയുമായി ദുബായ് രാജകുമാരന്‍

കൊട്ടാരകെട്ടിനകത്തെ ആഢംബര ജീവിതത്തിനുമപ്പുറം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ആളാണ് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.രാജ്യാന്തര സന്നദ്ധസേവന ദിനത്തില്‍ ലോകത്തിനു മാതൃകയാകുന്ന സേവന പ്രവര്‍ത്തനവുമായാണ് ദുബായ് എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഹംദാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

ദുബായിലെ കടലിനടിയില്‍ നിന്ന് മാലിന്യം ശേഖരിച്ചാണ് ഹംദാന്‍ സേവനദിനം അര്‍ത്ഥപൂര്‍ണമാക്കിയത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ശേഷം ഏത് പ്രവര്‍ത്തനത്തിനാണ് നേതൃത്വം നല്‍കേണ്ടതെന്ന് ഹംദാന്‍ ജനങ്ങളോട് ചോദിച്ചിരുന്നു. കടലിലെ മാലിന്യം നീക്കം ചെയ്യണമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. തുടര്‍ന്ന് ആഴക്കടലില്‍ ഇറങ്ങുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച കുട്ടികളോടൊപ്പമായിരുന്നു ഹംദാനിന്റെ സാഹസിക പ്രവൃത്തി.

ദുബായ് കിരീടാവകാശിയുടെ സാഹസിക സേവനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. തങ്ങളെ കൊണ്ടാവുന്ന ചെറിയ സേവനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാകണമെന്ന് ആഹ്വാനം ഹംദാന്‍ ചെയ്തുകൊണ്ടാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.’ദുബായ് ഞാന്‍ നിങ്ങളുടെ ആവശ്യം കേട്ടു, നിങ്ങളുടെ വിലയേറിയ സഹകരണത്തിന് നന്ദി’ എന്ന് ഹംദാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.