പ്രവാസികള്‍ രാജ്യത്തിന്റെ മുതല്‍ക്കൂട്ട്, അവരെ ഒഴിവാക്കാനാവില്ല: യു.എ.ഇ മന്ത്രി

പ്രവാസികള്‍ രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണെന്നും അവരെ ഒഴിവാക്കാനാവില്ലെന്നും യു.എ.ഇ അടിസ്ഥാന വികസന മന്ത്രി അബ്ദുള്ള ബിന്‍ മുഹമ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി. കുവൈത്തില്‍ പ്രവാസികളുടെ എണ്ണം കുറക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“പ്രഗത്ഭരായ തൊഴിലാളികളെ ഇപ്പോള്‍ നമ്മള്‍ ഒഴിവാക്കിയാല്‍ കോവിഡിന് ശേഷമുള്ള കാലത്ത് ഖേദിക്കേണ്ടിവരും. പ്രവാസികളാണെങ്കിലും യു.എ.ഇ പൗരന്മാരാണെങ്കിലും അവരെ ഈ സമയത്ത് കൈവിട്ടാല്‍ പിന്നീട് നഷ്ടമുണ്ടാകും. അവരെ സംരക്ഷിക്കും. എന്നാല്‍, ദീര്‍ഘകാല അവധി ആവശ്യമുള്ള പ്രവാസികള്‍ക്ക് അതിനുള്ള അവസരം നല്‍കും” എന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് പ്രവാസികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് സൗകര്യമൊരുക്കുന്നതിനൊപ്പം, മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെയും യു.എ.ഇ സ്വാഗതം ചെയ്യുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് രണ്ടുലക്ഷം പേരെ യു.എ.ഇയില്‍ എത്തിക്കാനാണ് പദ്ധതി.