രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമെ നാട്ടിലെത്തിക്കൂ; ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാന നിര്‍ദേശങ്ങള്‍

രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ നാട്ടിലേക്കുവരാന്‍ അനുവദിക്കൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യാത്ര പുറപ്പെടും മുമ്പും ഇവര്‍ പരിശോധനയ്ക്ക് വിധേയരാകണം. നാട്ടിലെത്തിയാല്‍ 14 ദിവസം ആശുപത്രികളിലോ ആരോഗ്യപരിപാലന സ്ഥാപനങ്ങളിലോ സമ്പര്‍ക്കവിലക്കില്‍ കഴിയാമെന്ന് യാത്രയ്ക്കുമുമ്പ് രേഖാമൂലം ഉറപ്പു നല്‍കുകയും വേണം.

ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാന നിര്‍ദേശങ്ങള്‍:

* വിദേശരാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ മാത്രമെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിക്കൂ.

* കോവിഡില്ലെന്ന് തെളിയുന്നവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

* ദുരിതത്തില്‍ പെട്ടവര്‍, തൊഴിലാളികള്‍, വിസാ കാലാവധി തീരുന്നവര്‍, ചെറിയ കാലയളവുള്ള വിസകളുമായി പോയവര്‍, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍, ബന്ധുക്കള്‍ മരിച്ചവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ഹോസ്റ്റലുകള്‍ അടച്ച വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് മടക്കയാത്ര അനുവദിക്കുക.

* രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേര്, തൊഴില്‍, മൊബൈല്‍ നമ്പര്‍, നാട്ടിലെ വിലാസം തുടങ്ങിയവ വിദേശകാര്യ മന്ത്രാലയം ശേഖരിച്ച് അതതു സംസ്ഥാനങ്ങള്‍ക്കു നല്‍കും.

* സ്വന്തം ഉത്തരവാദിത്വത്തിലാണ് യാത്രയെന്ന് ഉറപ്പ് നല്‍കണം.

* യാത്ര പുറപ്പെടുംമുമ്പ് ആരോഗ്യച്ചട്ടം അനുസരിച്ച് തെര്‍മല്‍പരിശോധന നടത്തും. വിമാനത്തിനുള്ളിലും കപ്പലിനുള്ളിലും ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യച്ചട്ടം പാലിക്കണം. മുഖാവരണം ധരിക്കണം. ശുചിത്വം പാലിക്കണം.

* നാട്ടിലെത്തിയാലുടന്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം.

* ഇറങ്ങുന്ന വിമാനത്താവളങ്ങളില്‍ ആരോഗ്യപരിശോധനയ്ക്ക് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവരെ ചികിത്സക്കായി കൊണ്ടുപോകും.

* മറ്റുള്ളവരെ ആശുപത്രികളിലോ സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കുന്ന സംവിധാനങ്ങളിലോ സമ്പര്‍ക്കവിലക്കിലാക്കും.

* 14 ദിവസത്തെ സമ്പര്‍ക്കവിലക്കിനു ശേഷം പരിശോധനയില്‍ നെഗറ്റീവാണെന്നു കണ്ടാല്‍ വീടുകളിലേക്ക് മടങ്ങാം. ഇവര്‍ 14 ദിവസം വീട്ടിലും ജാഗ്രതയില്‍ കഴിയണം.

മടക്കയാത്രകളുടെ മേല്‍നോട്ടത്തിനായി സംസ്ഥാനങ്ങളില്‍ വിദേശകാര്യ മന്ത്രാലയം നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. കേരളത്തിന്റെ ചുമതല നിര്‍വഹിക്കുന്നത് വിദേശകാര്യ മന്ത്രാലയ അഡീഷണല്‍സെക്രട്ടറി ദൊരൈസ്വാമിയായിരിക്കും.