ബെഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് പറക്കാന്‍ 180 യാത്രക്കാര്‍; ടിക്കറ്റ് വിതരണം പൂര്‍ത്തിയായി

ബെഹ്‌റൈനില്‍നിന്ന് കോഴിക്കോട്ടേക്ക് 180 യാത്രക്കാരെയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിങ്കളാഴ്ച പുറപ്പെടും. വിമാനത്തിലെ മുഴുവന്‍ യാത്രക്കാര്‍ക്കും ടിക്കറ്റ് നല്‍കി. 180 മുതിര്‍ന്നവരും നാല് കൈക്കുഞ്ഞുങ്ങളുമാണ് ഈ വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നത്. തിങ്കളാഴ്ച വൈകീട്ട് 4.30നാണ് ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് വിമാനം പുറപ്പെടുക. ഇന്ത്യന്‍ സമയം രാത്രി 11.20ന് കോഴിക്കോട്ടെത്തും.

ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടം ലഭിച്ചവരില്‍ അധികവും. യാത്രക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ എംബസിയില്‍നിന്ന് വിളിച്ചറിയിച്ചിരുന്നു. ഇന്ത്യന്‍ എംബസിയില്‍ സജ്ജീകരിച്ച എയര്‍ ഇന്ത്യയുടെ താല്‍ക്കാലിക ഓഫിസില്‍ ശനിയാഴ്ച രാവിലെയാണ് ടിക്കറ്റ് വിതരണം തുടങ്ങിയത്. ഒരു ദിവസം കൊണ്ടുതന്നെ എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനായി.

വെള്ളിയാഴ്ച 177 യാത്രക്കാരുമായി കൊച്ചിയിലേക്ക് വിമാനം പോയിരുന്നു. മേയ് 13 വരെയുള്ള ആദ്യ ഘട്ടത്തില്‍ ഈ രണ്ട് വിമാനങ്ങളാണ് ബഹ്‌റൈനില്‍നിന്ന് ഏര്‍പ്പെടുത്തിയിരുന്നത്.