അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് ഇതാദ്യമായി സന്ദര്‍ശകര്‍ക്കായി തുറന്നു; കാഴ്ച്ചകള്‍ കാണാന്‍ സഞ്ചാരികള്‍ക്ക് സുവര്‍ണാവസരം

ലോകത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളില്‍ ഒന്നായ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് സന്ദര്‍ശകര്‍ക്കായി തുറന്നു. പ്രായപൂര്‍ത്തിയാവര്‍ക്ക് 60 ദിര്‍ഹവും നാലു മുതല്‍ 17 വരെ വയസ്സുള്ളവര്‍ക്ക് 30 ദിര്‍ഹവുമാണ് പ്രവേശന ഫീസ്.

ചരിത്രപ്രസിദ്ധമായ ഈ കെട്ടിടം ഇതാദ്യമായിട്ടാണ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്. കൊട്ടാരത്തിലെ മനോഹരമായ പൂന്തോട്ടവും സഞ്ചാരികള്‍ക്ക് കാണാം. ഇനി അഥവാ പൂന്തോട്ടം മാത്രം സന്ദര്‍ശിക്കാനാണ് താത്പര്യമെങ്കില്‍ അതിനും അവസരമുണ്ട്. പ്രായപൂര്‍ത്തിയാവര്‍ക്ക് 25 ദിര്‍ഹവും കുട്ടികള്‍ക്ക് 12 ദിര്‍ഹവുമാണ് പൂന്തോട്ടം മാത്രം സന്ദര്‍ശിക്കുന്നതിനുള്ള നിരക്ക്. രാവിലെ പത്തു മുതല്‍ വൈകുന്നേരം എട്ടു വരെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക.

ഒന്നര മണിക്കൂറാണ് ടൂറിന് ദൈര്‍ഘ്യം. ഓണ്‍ലൈനായും ടിക്കറ്റ് കരസ്ഥമാക്കാം. കൊട്ടാരം സന്ദര്‍ശിക്കാനായി വരുന്നവര്‍ക്ക് വസ്ത്രധാരണ നിബന്ധനകള്‍ പാലിക്കണം. വനിതകള്‍ക്ക് മുഴുവന്‍ കൈയും മറയ്ക്കുന്ന വസ്ത്രവും പുരുഷന്മാര്‍ക്ക് പാന്റ്‌സും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും നിബന്ധനകള്‍ പാലിക്കണം. കൊട്ടാരത്തിലെ പൊതുസ്ഥലങ്ങളില്‍ മാത്രമേ പകര്‍ത്താന്‍ പാടുള്ളൂ.