അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മുപ്പത് കോടിയുടെ ഭാഗ്യം മലയാളി സംഘത്തിന്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യകടാക്ഷം. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ മലയാളി സംഘത്തിന് 1.5 കോടി ദിര്‍ഹ (30.5 കോടി രൂപ) മാണ് സമ്മാനം ലഭിച്ചത്. ദുബായ് ജെഎല്‍ടിയിലെ നസര്‍ ഗ്രൂപ്പില്‍ അഡ്മിന്‍ ഓഫീസറായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നൗഫല്‍ മായന്‍ കളത്തിലും മറ്റു 19 സുഹൃത്തുക്കളും ചേര്‍ന്ന് ജൂണ്‍ 25-ന് എടുത്ത 101341 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യം തേടി വന്നത്.

സമ്മാനാര്‍ഹരായ 20 അംഗ സംഘത്തില്‍ ഒരു ബംഗ്ലാദേശിയുമുണ്ട്. തുക തുല്യമായി വീതിക്കും. നൗഫല്‍, ജലീല്‍, റഹൂഫ്, നൗഷാദ്, അനസ്, അഫ്‌സല്‍, അലി ഭായ്, ഫിറോസ്, അലി, ഗഫൂര്‍, ഇബ്രാഹിം, ജലാല്‍, രഞ്ജിത്ത്, അസീസ്, ഫരീദ്, ഷിഹാബ്, ഷാനു, ബാബു, മന്‍സൂര്‍, ഷിബയാസ് എന്നിവരാണ് സമ്മാനം നേടിയ സംഘത്തിലുള്ള മറ്റുള്ളവര്‍.

Read more

ഇന്ത്യക്കാരനായ മുഹമ്മദ് ജഹാംഗിറിനാണ് രണ്ടാം സമ്മാനമായ ബിഎംഡബ്ല്യു കാര്‍ ലഭിച്ചത്. ഇന്ത്യക്കാരായ അബ്ദുല്‍ സത്താര്‍ കടപ്പുറം ഹസൈനാര്‍, സഞ്ജീവ് ദേവേന്ദ്ര, മുബഷര്‍ അസ്മത്തുള്ള (പാകിസ്ഥാന്‍), ജൊആന്‍ നവാറൊ (ഫിലിപ്പീന്‍സ്) എന്നിവര്‍ക്ക് 1 ലക്ഷം ദിര്‍ഹം വീതം ലഭിച്ചു.