പ്രവാസികൾക്ക് തിരിച്ചടി; സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം

വിദേശികൾക്ക്‌ തിരിച്ചടി നൽകി  സൗദിയിൽ വീണ്ടും സ്വദേശിവൽക്കരണത്തിനൊരുങ്ങുന്നു. ഗതാഗത , വ്യോമയാനം, ഒപ്റ്റിക്കൽസ് അടക്കമുള്ള വിവിധ മേഖലകളിലാണ് സൗദി സ്വദേശി വൽക്കരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ യുവതീ യുവാക്കൾക്കു കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയിൽ അവരുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമായാണ് പുതിയ തീരുമാനം.

ഇതു മൂലം 33,000 ലേറെ ജോലികൾ സ്വദേശികൾക്കു ലഭ്യമാകുമെന്നാണ് മന്ത്രായലത്തിൻ്റെ കണക്കുകൂട്ടൽ. ഇതിനായുള്ള പുതിയ തീരുമാനങ്ങൾ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ റജ്ഹിയാണു പ്രഖ്യാപിച്ചത്. വ്യോമയാന തൊഴിലുകൾ, വാഹന പരിശോധന ജോലികൾ , തപാൽ സേവനങ്ങൾ, പാഴ്സൽ ഗതാഗതം, ഉപഭോക്തൃ സേവനം, സെയിൽസ് ഔട്ട്ലറ്റുകളിലെ തസ്തികകൾ എന്നിവയാണ് സൗദിയിലെ സ്വദേശിവത്കരണത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

വ്യോമയാന തൊഴിലുകൾ സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം രണ്ടു ഘട്ടങ്ങളായാണു നടപ്പിലാക്കുക. ആദ്യ ഘട്ടം 2023 മാർച്ച് 15 ന് ആരംഭിക്കും. കോ പൈലറ്റ്, എയർ കൺട്രോളർ, എയർ റിലേ എന്നീ മേഖലയിൽ 100 ശതമാനവും എയർ ട്രാൻസ്‌പോർട്ട് പൈലറ്റ് വിഭാഗത്തിൽ 60 ശതമാനവും ഫ്‌ളൈറ്റ് അറ്റൻഡന്റ് മേഖലയിൽ 60 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കും.

രണ്ടാം ഘട്ടം 2024 മാർച്ച് നാലു മുതലാണ് ആരംഭിക്കുക. എയർ ട്രാൻസ്‌പോർട്ട് പൈലറ്റ് മേഖലയിൽ 70 ശതമാനവും എയർ ഹോസ്റ്റസ് 60 ശതമാനവും സ്വദേശിവൽക്കരിക്കും. വാഹന പരിശോധന മേഖലയിൽ രണ്ടു ഘട്ടങ്ങളായാണു സ്വദേശിവൽക്കരണം നടപ്പാക്കുക. ആദ്യഘട്ടം 50 ശതമാനവും രണ്ടാം ഘട്ടം 100 ശതമാനവും സ്വദേശിവൽക്കരിക്കും.

കണ്ണട സ്ഥാപനങ്ങളിൽ 2023 മാർച്ച് 18 മുതൽ 50 ശതമാനമാണു സ്വദേശിവൽക്കരിക്കുക.  മെഡിക്കൽ ഒപ്റ്റിക്‌സ് ടെക്‌നീഷ്യൻ, ഫിസിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ,ലൈറ്റ് ആൻ‍‍ഡ് ഒപ്റ്റിക്‌സ്, എന്നീ ജോലികളാണ് ഉൾപ്പെടുന്നത്.