മഴക്കെടുതി; യു.എ.ഇയിൽ ഏഴ് പ്രവാസികൾ മരിച്ചു

യുഎഇയിൽ മഴക്കെടുതിയിൽ ഏഴ് പ്രവാസികൾ മരിച്ചു. റാസൽഖൈമ, ഫുജൈറ, ഷാർജ മേഖലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.വെള്ളക്കെട്ടുണ്ടായിരുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുമ്പോഴാണ് ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മരിച്ചവർ ഏഷ്യൻ രാജ്യത്തിൽ നിന്നുള്ളവരാണ് എന്ന വിവരം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ഇതിൽ ഇന്ത്യക്കാരുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഫുജൈറയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

പ്രളയബാധിതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് ഫെഡറൽ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അലി സലേം അൽ തുനൈജി പറഞ്ഞു. വീടുകൾ തകർന്നവർക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 4225 പേർക്കാണ് ഇതുവരെ അഭയമൊരുക്കിയത്.

Read more

ദുരിതബാധിത പ്രദേശങ്ങൾ വേഗത്തിൽ സാധാരണനിലയിലാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 27 വർഷത്തിനിടയിൽ രാജ്യംകണ്ട ഉയർന്ന മഴയാണ് കഴിഞ്ഞദിവസം പെയ്തത്. വെള്ളപ്പൊക്കത്തിൽനിന്ന് 870 പേരെ രക്ഷപ്പെടുത്തി.