സൗദിയില്‍ കടുത്ത മനുഷ്യവകാശ ലംഘനം, ആരോപണവുമായി യു എന്‍

സൗദി അറേബ്യയിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന ആരോപണവുമായി മനുഷ്യവകാശ സംഘടനകളിലെ വിദഗ്തര്‍ രംഗത്ത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് എന്നീ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള സംഘടനകളാണ് സൗദിയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

ഏകപക്ഷീയമായ അറസ്റ്റും കസ്റ്റഡിയിലെടുക്കലുമാണ് സൗദിയില്‍ നടക്കുന്നതെന്നാണ് യു.എന്‍ വിദഗ്ധര്‍ പ്രസ്താവനയില്‍ പറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യവും ഒത്തുചേരാനുള്ള സ്വാതന്ത്ര്യവും, കൂട്ടായ്മയുണ്ടാക്കാനുള്ള സ്വാതന്ത്ര്യവും വിശ്വാസത്തിനുള്ള സ്വാതന്ത്ര്യവും വിനിയോഗിച്ചതിന്റെ പേരില്‍ മനുഷ്യാവകാശ സംരക്ഷകര്‍ പീഡിപ്പിക്കപ്പെടുന്ന സ്ഥിതി വിശേഷത്തിനാണ് സൗദി വേദിയാകുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യു.എന്നിന്റെയും മറ്റും അഭ്യര്‍ത്ഥന സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

അറുപതിലേറെ പുരോഹിതന്മാര്‍, എഴുത്തുകാര്‍, മതാചാര്യന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുള്‍പ്പടെ നിരവധിപ്പേരാണ് സെപ്റ്റംബറില്‍ സൗദിയില്‍ അറസ്റ്റിലായത്. സെപ്റ്റംബറില്‍ അറസ്റ്റിലായവരില്‍ പ്രമുഖ പ്രസംഗികന്‍ സല്‍മാന്‍ അല്‍ അവദായും ഉള്‍പ്പെടുന്നുണ്ട്. ഇവരെ വിട്ടയക്കണമെന്ന് യുഎന്‍ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.