വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; സൗദിയില്‍നിന്ന് 11 വിമാനങ്ങള്‍

വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ സൗദിയില്‍നിന്ന് കേരളത്തിലേക്ക് 11 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. റിയാദ്, ദമാം വിമാനത്താവളങ്ങളില്‍ നിന്ന് നാല് വിമാനങ്ങള്‍ വീതവും ജിദ്ദയില്‍നിന്ന് മുന്ന് വിമാനങ്ങളുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറിലേക്ക് സര്‍വീസ് നടത്തുന്നത്.

റിയാദില്‍ നിന്ന് ജൂലൈ മൂന്നിന് കോഴിക്കോട്, നാലിന് തിരുവനന്തപുരം, ഏഴിന് കണ്ണൂര്‍, 10ന് കൊച്ചി എന്നിങ്ങനെയും ദമ്മാമില്‍ നിന്ന് ജൂലൈ മൂന്നിന് കണ്ണൂര്‍, നാലിന് കോഴിക്കോട്, ആറിന് കൊച്ചി, ഒമ്പതിന് തിരുവനന്തപുരം എന്നിങ്ങനെയും ജിദ്ദയില്‍ നിന്ന് ജൂലൈ അഞ്ചിന് കണ്ണൂര്‍, ആറിന് കോഴിക്കോട്, എട്ടിന് തിരുവനന്തപുരം എന്നിങ്ങനെയുമാണ് സര്‍വിസുകള്‍.

സൗദിയില്‍നിന്ന് ഇന്ത്യയിലേക്ക് ആകെ 13 സര്‍വിസുകളാണ് നാലാംഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്കുള്ള 11 സര്‍വിസുകള്‍ക്ക് പുറമെ ജിദ്ദയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാത്രമായും ഡല്‍ഹി വഴി ശ്രീനഗറിലേക്കുമാണ് മറ്റ് രണ്ട് സര്‍വീസുകള്‍.