വിസാ കാലാവധി കഴിഞ്ഞും സൗദിയില്‍ തുടരുന്നവര്‍ അറിയാന്‍

സൗദി അറേബ്യയില്‍ ഇത് നാടുകടത്തലിന്റെ കാലമാണ്. ഓരോ മേഖലകളിലായി സ്വദേശിവത്ക്കരണം നടപ്പാക്കി കൊണ്ടിരിക്കുന്നതിനാല്‍ നിരവധി ആളുകള്‍ക്കാണ് അവിടം വിട്ടു പോകേണ്ടി വരുന്നത്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഏറ്റവും പുതിയ നിയമം പറയുന്നത് വിസാ കാലാവധി തീര്‍ന്നിട്ടും രാജ്യത്ത് തുടരുന്നവര്‍ 50,000 റിയാല്‍ (ഏകദേശം എട്ടര ലക്ഷം രൂപ) പിഴ അടയ്ക്കുകയും ആറു മാസം തടവ് ശിക്ഷ അനുഭവിക്കുകയും വേണമെന്നാണ്.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്രിത വിസയില്‍ നിരവധി ആളുകളെ അവിടേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. അത്തരക്കാര്‍ക്കും ഈ നിയമം ബാധകമാണ്. ഇനി തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ആളും വിദേശിയാണെങ്കില്‍ പിഴയ്ക്കും തടവിനും പുറമെ നാടുകടത്തലുമുണ്ടാകും.

വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവരുടെ സ്പോണ്‍സര്‍ക്ക് ആദ്യ തവണ 25,000 റിയാലാണ് പിഴ ചുമത്തുക. രണ്ടാമതും ആവര്‍ത്തിച്ചാല്‍ 25000 റിയാല്‍ പിഴയ്ക്ക് പുറമേ മൂന്ന മാസം തടവുശിക്ഷയും ലഭിക്കും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ 50,000 റിയാല്‍ പിഴയും ആറ് മാസം തടവുമാണ് ശിക്ഷ.

വിദേശികള്‍ കുടുംബാംഗങ്ങളെ റിക്രൂട്ട് ചെയ്ത് അനധികൃതമായി കഴിഞ്ഞാലും ഇതേ ശിക്ഷ ലഭിക്കും. അതിന് പുറമെ വിദേശിയെ നാടുകടത്തുകയും ചെയ്യും.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി രാജ്യത്ത് അനധികൃത താമസക്കാരും തൊഴിലാളികളും ഇല്ലായെന്ന് ഉറപ്പാക്കുകയാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം.