സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് തിരിച്ചടി; ഏഴ് മാസത്തിനിടെ യോഗ്യതാ പരീക്ഷയില്‍ 14,480 പേര്‍ക്ക് പരാജയം

വിദേശ തൊഴിലാളികള്‍ക്ക് തിരിച്ചടിയായി സൗദി അറേബ്യയിലെ പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം യോഗ്യതാ പരീക്ഷാ ഫലം. പരീക്ഷയില്‍ ഏഴ് മാസത്തിന് ഇടയില്‍ 14,480 തൊഴിലാളികള്‍ പരാജയപ്പെട്ടു. സൗദിയിലെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വക്താവായ സഅദ് ആലുഹമാദ് ആണ് ഇക്കാര്യം അറിയിച്ചത്.

വിദേശ തൊഴിലാളികളുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യവും ഉറപ്പ് വരുത്തുന്നതിനായാണ് പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി യോഗ്യതാ പരീക്ഷ നടത്തുന്നത്. പരാജയത്തെ തുടര്‍ന്ന് വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകളും ഇഖാമകളും പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ഏഴ് മാസത്തിന് ഇടയില്‍ ആകെ 83,337 വിദേശ തൊഴിലാളികളാണ് യോഗ്യതാ പരീക്ഷയില്‍ ഹാജരായത്. ഇവരില്‍ 90.56 ശതമാനം ആളുകളാണ് ജയിച്ചത്.

അതേ സമയം റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് മുമ്പ് വിദേശ രാജ്യങ്ങളില്‍ വെച്ച് തൊഴിലാളികള്‍ക്ക് യോഗ്യതാ ടെസ്റ്റ് നടത്തുന്ന പദ്ധതി ഈ വര്‍ഷം ആരംഭിക്കും. ആവശ്യമായ യോഗ്യതകള്‍ ഇല്ലാതെ സൗദിയിലേക്ക് തൊഴിലാളികള്‍ എത്തുന്നത് തടയാനും നിലവാരം ഉയര്‍ത്തി തൊഴില്‍ വിപണിയെ മെച്ചപ്പെടുത്താനുമാണ് ഇത്തരം യോഗ്യതാ പരീക്ഷകള്‍ നടത്തുന്നത് എന്നും സഅദ് ആലുഹമാദ് പറഞ്ഞു. എട്ട് സ്പെഷ്യാലിറ്റികള്‍ക്കു കീഴില്‍ വരുന്ന 205ഓളം തൊഴിലുകള്‍ നിലവില്‍ പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി മാറി.