കാറുകള്‍ മാത്രമല്ല സൗദിയില്‍ വനിതകള്‍ക്ക് ഇനി എല്ലാ വാഹനങ്ങളും ഓടിക്കാം

സൗദിയില്‍ വനിതകള്‍ക്ക് കാറുകള്‍ക്ക് പുറമേ മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസെന്‍സ് നല്‍കാന്‍ തീരുമാനം. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. സൗദി ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ടത്.

നേരത്തെ കാറുകളടക്കമുള്ള ചെറു വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിലാണ് പുതിയ മാറ്റം വരുത്തി ട്രക്കും സ്‌കൂട്ടറുമടക്കം ചെറുതും വലുതുമായ വാഹനങ്ങളെല്ലാം വനിതകള്‍ക്ക് ഓടിക്കാം എന്ന ഉത്തരവ്. ട്രക്കുകള്‍ ഓടിക്കാന്‍ നിലവില്‍ പുരുഷന്മാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ മാത്രമേ സ്ത്രീകള്‍ക്കും ഉണ്ടാകുകയുള്ളൂ.

പ്രൈവറ്റ് ലൈസെന്‍സ് ലഭിക്കുന്നതിനും ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസെന്‍സ് ലഭിക്കുന്നതിനും 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 17 വയസ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയില്ലാത്ത താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും. ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ഉടമകളുടെ ഫോട്ടോ പതിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ വ്യവസ്ഥകള്‍ തന്നെയായിരിക്കും വനിതകള്‍ക്കും ബാധകമെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 2018 ജൂണ്‍ മുതലാണ് വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി.

അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസന്‍സ് അനുവദിക്കും. എന്നാല്‍ വിദേശ ലൈസന്‍സിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ളതും കാലാവധിയുള്ളതുമായിരിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹന പരിശീലനത്തിന് രാജ്യത്തെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയിട്ടുണ്ട്. വനിതകള്‍ വാഹനമോടിച്ച് തുടങ്ങുന്നതിന് മുന്നോടിയായി രാജ്യത്തെ ട്രാഫിക് നിയമങ്ങളില്‍ സമഗ്ര പരിഷ്‌കരണമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.