നിയന്ത്രണങ്ങളില്‍ ഇളവ്; സൗദിയില്‍ പൊതുവിപണി വീണ്ടും സജീവമായി

കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സൗദിയില്‍ പൊതുവിപണി വീണ്ടും സജീവമായി. ബാര്‍ബര്‍ ഷോപ്പുകളുള്‍പ്പെടെ ഏതാനും മേഖലകള്‍ക്ക് മാത്രമാണ് നിലവില്‍ പ്രവര്‍ത്തന അനുമതി ഇല്ലാത്തത്. നഗരങ്ങളില്‍ ജനതിരക്ക് വര്‍ദ്ധിച്ച് തുടങ്ങിയെങ്കിലും വിപണിയില്‍ കാര്യമായ ഉണര്‍വ് ഉണ്ടാക്കിയിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്കും ആശുപത്രി സേവനങ്ങള്‍ക്കുമായാണ് ജനം അധികവും പുറത്തിറങ്ങുന്നത്.

ജൂണ്‍ 20 വരെ മാത്രമാണ് നിലവിലെ ഈ ഇളവുകള്‍. അതിനു ശേഷമുള്ള ഇളവുകള്‍ അന്നത്തെ സാഹചര്യം വിലയിരുത്തി തീരുമാനിക്കും. ശനിയാഴ്ച വരെ രാവിലെ ആറ് മുതല്‍ വൈകിട്ട് മൂന്നു വരെയും മേയ് 31 ഞായര്‍ മുതല്‍ ജൂണ്‍ 20 ശനി വരെ രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെയും മക്ക ഒഴികെ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും നഗരങ്ങളിലും സ്വന്തം വാഹനം ഉപയോഗിച്ച് യാത്ര ചെയ്യാം.

ശാരീരിക അകലം പാലിക്കാന്‍ കഴിയാത്ത ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സ്പോര്‍ട്സ് ആന്‍ഡ് ഹെല്‍ത്ത് ക്ലബുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമ തിയേറ്ററുകള്‍ എന്നിവക്കുള്ള നിയന്ത്രണങ്ങള്‍ തുടരും.