ജ്വലറിക്ക് പിന്നാലെ സൗദിയിലെ കാര്‍ റെന്‍റല്‍ മേഖലയിലും സ്വദേശിവത്ക്കരണം

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്കും വ്യാപിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് സൗദി തൊഴില്‍ മന്ത്രാലയം. ജ്വല്ലറികള്‍ക്കു പുറമേ കാര്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളിലും സ്വദേശിവരണം നിലവില്‍ വരുകയാണ്. മാര്‍ച്ച് പകുതിയോടെ കാര്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളില്‍ സ്വദേശികളെ മാത്രമേ നിയമിക്കാനാവു.

ഈ മേഖലകളില്‍ വിദഗ്ദ്ധരായ തൊഴിലാളികളെ വാര്‍ത്തെടുക്കാന്‍ പൗരന്മാര്‍ക്കായി ഇലക്ട്രോണിക് പരിശീലന പരിപാടികള്‍ തൊഴില്‍ മന്ത്രാലയം സംഘടിപ്പിക്കും. മാര്‍ച്ച് 18 ന് മുമ്പായി വിദേശിയരെ ജോലികളില്‍ നിന്ന് മാറ്റി ആ സ്ഥാനങ്ങളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്.

Read more

പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ നിരവധി തൊഴില്‍ മേകലകളില്‍ നിന്ന് വിദേശികളെ നീക്കി ആ സ്ഥാനങ്ങളില്‍ സ്വദേശികളെ നിയമിക്കാനുള്ള നീക്കത്തിലാണ് സൗദി തൊഴില്‍ മന്ത്രാലയം. പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ഇനിയും കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. വിദേശികള്‍ കൂടുതല്‍ ജോലിചെയ്യുന്ന കാര്‍ റെന്റ് മേഖലയുള്‍പ്പെടെ കൂടുതല്‍ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.