അഴിമതിക്ക് അറസ്റ്റിലായ സൗദി രാജകുമാരന്‍ നൂറു കോടി ഡോളര്‍ നല്‍കി ജയില്‍ മോചിതനായി

അഴിമതി ആരോപണത്തെതുടര്‍ന്ന് സൗദിയില്‍ അറസ്റ്റിലായ രാജകുമാരന്‍ മിതബ് ബിന്‍ അബ്ദുല്ലയെ മോചിപ്പിച്ചു. സൗദി ദേശീയ ഗാര്‍ഡിന്റെ തലവനായിരുന്ന മിതബ്, അന്തരിച്ച അബ്ദുള്ള രാജാവിന്റെ മകനുമാണ്. നൂറുകോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ചുകൊണ്ടാണ് മിതബ് ബിന്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നതെന്നാണ് സൂചന.

ഭരണതലത്തില്‍ നിന്നും അഴിമതിയില്ലാതാക്കുന്നതിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ സമിതി രൂപികരിച്ചിരുന്നു. ഈ സമിതിയുടെ ഉത്തരവ് പ്രകാരമാണ് രാജകുടുംബാംഗങ്ങളടക്കമുള്ള പന്ത്രണ്ടോളം ഉന്നതരെ അറസ്റ്റ് ചെയ്തത്.

നവംബര്‍ നാലിന് അറസ്റ്റ് ചെയ്യപ്പെട്ട രാജകുടുംബാംഗങ്ങളില്‍ നാല് മന്ത്രിമാരും ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഉദ്യോഗസ്ഥരും വ്യവസായികളും ജയിലിലാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

മിതബിനെ മോചിപ്പിക്കുന്നതിനുള്ള കൃത്യമായ കരാര്‍ തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ലെങ്കിലും നൂറ് കോടി ഡോളറിലധികം വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.